India
Centre, state have failed to ensure safety in Manipur violence: RSS and ABVP criticize, Manipur violence, Kuki-Meitei conflict
India

'മണിപ്പൂര്‍ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു'; വിമര്‍ശനവുമായി ആര്‍എസ്എസും എബിവിപിയും

Web Desk
|
19 Nov 2024 2:37 AM GMT

2023 മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമസംഭവങ്ങൾ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടുപോകുന്നത് നിർഭാഗ്യകരമാണെന്ന് ആർഎസ്എസ് പ്രസ്താവനയിൽ വിമർശിച്ചു

ഇംഫാൽ: മണിപ്പൂരിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ആർഎസ്എസും വിദ്യാർഥി വിഭാഗമായ എബിവിപിയും. കലാപം തടയുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടുവെന്നാണ് എബിവിപി മണിപ്പൂർ ഘടകം വിമർശിച്ചത്. അതിനിടെ, കുക്കികൾക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാനത്തെ എൻഡിഎ എംഎൽഎമാർ പ്രമേയം പാസാക്കിയിരിക്കുകയാണ്.

2023 മേയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച അക്രമസംഭവങ്ങൾ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടുപോകുന്നത് നിർഭാഗ്യകരമാണെന്നാണ് ആർഎസ്എസ് മണിപ്പൂർ ഘടകം പ്രസ്താവനയിൽ വിമർശിച്ചത്. സംഘർഷം മൂലം നിരപരാധികളായ ജനങ്ങളാണ് അനുഭവിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന ക്രൂരവും മനുഷ്യത്വവിമവും ദയാരഹിതവുമായ നടപടിയെ സംഘ് മണിപ്പൂർ ഘടകം ശക്തമായി അപലപിക്കുകയാണ്. മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്കു വിരുദ്ധമായ ഭീരുത്വനടപടിയാണിത്. സംഘർഷം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 'ആത്മാർഥമായി' ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ 2023 മേയിൽ ആരംഭിച്ച അഭൂതപൂർവമായ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് എബിവിപി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മൂന്നു വീതം കുട്ടികളും സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. കൂട്ടത്തിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീകളെയും കുട്ടികളെയും വെറുതെവിടണമെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികതത്വങ്ങളെ പോലും വെല്ലുവിളിക്കുന്ന നടപടിയാണിത്. ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും വീടുകൾ അഗ്നിക്കിരയാക്കുകയും പൊലീസിനെയും സിആർപിഎഫിനെയും ആക്രമിക്കുകയും ചെയ്ത സായുധ സംഘങ്ങളുടെ നടപടിയെ എബിവിപി സംസ്ഥാന ഘടകം ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്വത്തുക്കൾ തകർക്കുന്നത് തീർത്തും അസ്വസ്ഥജനകമാണ്. സമയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കിൽ ആറുപേരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചു. മണിപ്പൂരിൽ സുരക്ഷയും സാധാരണ നിലയും ഉറപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും പ്രസ്താവനയിൽ വിമർശിച്ചു.

ക്രമസമാധാനനില പുനസ്ഥാപിച്ചു നിരപരാധികളായ സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനായി അടിയന്തര നടപടിയുണ്ടാകണമെന്ന് എബിവിപി ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെയും നടപടി സ്വീകരിക്കണം. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ജനങ്ങൾ സമാധാനവും ക്ഷമയും പാലിക്കണമെന്നും സൗഹാർദപൂർണമായ മണിപ്പൂരിനു വേണ്ടി ഒന്നിച്ചുനിൽക്കണമെന്നും എബിവിപി പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

അതേസമയം, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരിക്കുകയാണ് മണിപ്പൂരിലെ എൻഡിഎ എംഎൽഎമാർ. അഫ്‌സ്പ ഏർപ്പെടുത്തിയത് കേന്ദ്രം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ജനങ്ങളുമായി കൂടിയാലോചിച്ച് രാഷ്ട്രീയനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പാസാക്കിയ പ്രമേയം മുന്നറിയിപ്പ് നൽകി.

സംഘർഷം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി സഖ്യകക്ഷിയായ എൻപിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. പ്രമുഖ ബിജെപി നേതാക്കൾ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷം ആരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോഴാണ് ബിജെപി സർക്കാരിനുമേൽ സമ്മർദം ശക്തമാകുന്നത്. ഇതിനുമുൻപ് സംഘർഷം ആളിക്കത്തിയപ്പോഴെല്ലാം കൂടെനിന്ന എൻപിപിയാണ് ഇപ്പോൾ ബിജെപിയെ കൈവിട്ടിരിക്കുന്നത്. ജിരിബാമിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവച്ചതും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പാർട്ടിക്ക് അകത്ത് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ഉൾപ്പെടെ ചില ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതായാണു വിവരം. സംഘർഷത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഭരണകക്ഷിയില്‍നിന്നും സമ്മര്‍ദം ശക്തമാകുന്നത്. സംഘർഷം ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ ബിരേൻ സിങ് രാജിവച്ച് ഒഴിയാൻ നിർബന്ധിതനാകുമെന്നുറപ്പാണ്.

Summary: 'Centre, state have failed to ensure safety in Manipur violence': RSS and ABVP criticize

Similar Posts