India
Arvind Kejriwal

കേജ്‍രിവാള്‍

India

ഡല്‍ഹിയിലെ ഭരണത്തര്‍ക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്

Web Desk
|
20 May 2023 7:54 AM GMT

ഇന്നലെ ഓർഡിനൻസ് ഇറക്കിയതിന് പിന്നാലെയാണ് ഹരജി നൽകിയത്

ഡൽഹി: ഡൽഹിയിലെ ഭരണാധികാരം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രിം കോടതി ഭരണഘടന ബെഞ്ചിന്‍റെ വിധിക്കെതിരെ കേന്ദ്ര സർക്കാർ പുനഃപരിശോധന ഹരജി സമർപ്പിച്ചു. ഇന്നലെ ഓർഡിനൻസ് ഇറക്കിയതിന് പിന്നാലെയാണ് ഹരജി നൽകിയത്. കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ ആം ആദ്മി പാർട്ടിയും കോടതിയെ സമീപിക്കുന്നുണ്ട്.

ഭരണഘടനാ ബെഞ്ചിൻ്റെ വിധിയെ മറികടക്കാൻ പര്യാപ്തമായ ഓർഡിനൻസ് ഇന്നലെ ഇറക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പുനഃപരിശോധന ഹരജി സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് ഡൽഹിയിലെ അധികാര തർക്കത്തിൽ ആം ആദ്മി പാർട്ടി സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയത്. സ്ഥലം മാറ്റം, നിയമനം എന്നിവയ്ക്ക് ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ പുതിയ അതോറിറ്റി രൂപീകരിച്ചു. അതോറിറ്റിയിലെ അംഗങ്ങളായ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ,ആഭ്യന്തര സെക്രട്ടറി എന്നിവർ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്.ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാമെന്നാണ് ഓർഡിനൻസിൽ പറയുന്നത്.

ഡൽഹി രാജ്യതലസ്ഥാനമാണെന്നത് കൂടി ഓർക്കണം എന്നായിരുന്നു ഓർഡിനൻസ് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പിയുടെ പ്രതികരണം. എന്നാൽ കേന്ദ്ര സർക്കാർ അരവിന്ദ് കെജ്‌രിവാളിനെ ഭയപ്പെട്ടത് കൊണ്ടാണ് രാത്രിയിൽ ഇത്തരം നീക്കം നടത്തിയതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഓർഡിനൻസിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ ആം ആദ്മി പാർട്ടിയും നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയമ വിദഗ്ദരുമായി ഡൽഹി സർക്കാർ കൂടിയാലോചനകൾ തുടരുകയാണ്.

Related Tags :
Similar Posts