‘മദ്രസകൾ അടച്ചുപൂട്ടണം’: അല്ലാത്തപക്ഷം മറ്റുവഴികൾ തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
|‘റിപ്പോർട്ട് തയാറാക്കിയത് ഒമ്പത് വർഷത്തെ പഠനശേഷം’
ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂൻഗോ ‘മീഡിയവണി’നോട് പറഞ്ഞു. മദ്രസകൾ പൂട്ടണമെന്ന റിപ്പോർട്ട് തയാറാക്കിയത് ഒമ്പത് വർഷത്തെ പഠനത്തിന് ശേഷമാണ്.
ആയിരക്കണക്കിന് രേഖകൾ പരിശോധിക്കുകയും നിരവധി കൂടിയാലോചനകൾ നടത്തുകയും ചെയ്തു. മദ്രസകളിലേക്ക് നൽകുന്ന ധനസഹായം നിർത്തലാക്കണം. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടൻതന്നെ സ്കൂളുകളിലേക്ക് മാറണം. കേരളം മദ്രസകൾക്ക് സഹായം നൽകുന്നില്ലെന്നാണ് പറഞ്ഞത്. അത് തെറ്റായ വിവരമാണെന്നും കനൂൻഗോ പറഞ്ഞു.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് കഴിഞ്ഞദിവസം ഇദ്ദേഹം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കനൂൻഗോ.