മോദിയുടെ തട്ടകത്തിൽ കർഷക റാലിയുമായി പ്രിയങ്ക
|ചലോ ബനാറസ് എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് റാലിക്കായി മുമ്പോട്ടുവച്ചിട്ടുള്ളത്.
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിൽ നാളെ കർഷക മാർച്ച് പ്രഖ്യാപിച്ച് കോൺഗ്രസ്. കിസാൻ ന്യായ് റാലി എന്ന് പേരിട്ടിട്ടുള്ള മാർച്ചിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ലഖിംപൂർ ഖേരി കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടാണ് കോൺഗ്രസ് റാലി പ്രഖ്യാപിച്ചിട്ടുള്ളത്.
ചലോ ബനാറസ് എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് റാലിക്കായി മുമ്പോട്ടുവച്ചിട്ടുള്ളത്. ലഖിംപൂർ കേസിൽ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തിനു പുറമേ, കേന്ദ്രം ഈയിടെ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
റാലി വിജയകരമാക്കാൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ലഖിംപൂർ ഖേരി സംഭവത്തിന് ശേഷം പ്രയങ്ക സംസ്ഥാനത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് റാലി ആസൂത്രണം ചെയ്തിട്ടുള്ളത്. കൊല്ലപ്പെട്ട കർഷകരെ കാണാനെത്തിയ പ്രിയങ്കയെ ഈയിടെ പൊലീസ് തടഞ്ഞത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു.
ലഖിംപൂര്‍ സംഭവത്തില്‍ മൂന്ന് ദിവസത്തോളമാണ് പ്രിയങ്കയെ ജില്ലാ ഭരണകൂടം തടവിലാക്കിയിരുന്നത്. കോൺഗ്രസ് ഉയർത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവിൽ പ്രിയങ്കയെ മോചിപ്പിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് പുറമേ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയും കർഷകരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ലഖിംപൂർ സംഭവം പാർട്ടിക്ക് ഗുണകരമാകും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കിഴക്കൻ യുപിയുടെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക യുപി രാഷ്ട്രീയത്തിലെത്തിയത്. അതിനു മുമ്പ് ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും മാത്രമാണ് പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് അമേഠിയിൽ രാഹുൽഗാന്ധി തോറ്റിരുന്നു. സോണിയ റായ്ബറേലിയിൽ ജയിക്കുകയും ചെയ്തു.