ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ ബി.ജെ.പിയിലേക്ക്?
|ചംപായ് സോറനും അഞ്ച് ജെ.എം.എം എം.എൽ.എമാരും ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറനും അഞ്ച് ജെ.എം.എം എം.എൽ.എമാരും ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ ചംപായ് സോറൻ ഡൽഹിയിലെത്തിയതായാണ് വിവരം. ഇന്നലെ രാത്രി കൊൽക്കത്തയിലെത്തിയ ചംപായ് സോറൻ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്.
ഹേമന്ത് സോറൻ ജയിലിൽ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പദം ചംപൈ സോറന് കൈമാറിയിരുന്നു. ഹേമന്ത് സോറൻ ജയിൽമോചതിനായതോടെ ചംപായ് സോറൻ സ്ഥാനമൊഴിഞ്ഞു. ഡൽഹിയിൽ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ചംപായ് സോറൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൗഹാനുമായി ഏറെ നാളായി ചംപായ് സോറൻ ചർച്ച നടത്തിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞ ദിവസം ചംപായി സോറനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അഞ്ച് വർഷം കൊണ്ട് ഹേമന്ത് സോറന് ചെയ്യാത്ത കാര്യങ്ങളാണ് ആറു മാസം കൊണ്ട് ചംപായ് സോറൻ ജാർഖണ്ഡിൽ ചെയ്തത് എന്നായിരുന്നു അസം മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം ബി.ജെ.പി പ്രവേശനം സംബന്ധിച്ച് വാർത്തകൾ താൻ കണ്ടിട്ടില്ലെന്നായിരുന്നു ചംപായ് സോറൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് പ്രചരിക്കുന്നതെന്ന് തനിക്കറിയില്ല. അതുകൊണ്ട് തന്നെ ശരിയാണോ തെറ്റാണോ എന്ന് പറയാനാവില്ല. അതിനെക്കുറിച്ച് ഒന്നും തനിക്കറിയില്ല എന്നായിരുന്നു ചംപായ് സോറന്റെ പ്രതികരണം.