India
Champai Soren

ചംപെയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

India

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപെയ് സോറൻ അധികാരമേറ്റു

Web Desk
|
2 Feb 2024 7:37 AM GMT

ജാർഖണ്ഡിലെ സംഭവവികാസങ്ങളെ ചൊല്ലി പാർലമെന്‍റ് പ്രക്ഷുബ്ധമായി

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപെയ് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹിതപരിശോധന നടക്കാനിരിക്കെ കാലുമാറ്റം ഭയന്ന് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. ഹേമന്ത് സോറന്‍റെ ഇഡി അറസ്റ്റിനെതിരായ ഹരജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജാർഖണ്ഡിലെ സംഭവവികാസങ്ങളെ ചൊല്ലി പാർലമെന്‍റ് പ്രക്ഷുബ്ധമായി.

രണ്ട് ദിവസം നീണ്ട നാടകീയ രംഗങ്ങൾക്ക് ശേഷമാണ് ജാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി ചംപെയ് സോറൻ അധികാരമേറ്റത്. മുഖ്യമന്ത്രിയെ കൂടാതെ കോൺഗ്രസ് എംഎൽഎ അലംഗിർ ആലമും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഞ്ചാം തിയതി നിയമസഭയിൽ ഹിതപരിശോധന നടക്കാനിരിക്കെ കാലുമാറ്റം ഭയന്നാണ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് ഭരണമുന്നണി മാറ്റുന്നത്.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഇഡിയെ ആയുധമാക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് അറസ്റ്റിന് എതിരെ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. സമീപിക്കേണ്ടത് ഹൈക്കോടതിയെ ആണെന്ന് നിർദ്ദേശിച്ച് ആണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹരജിയിൽ ഇടപെടില്ല എന്നറിയിച്ചത്. പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനവും ഹേമന്ത് സോറൻ്റെ അറസ്റ്റിനെ ചൊല്ലി പ്രക്ഷുബ്ധമായി. പുതിയ മുഖ്യമന്ത്രി അധികാരമേൽക്കാൻ ഗവർണർ തടസം നിൽക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഹേമന്ത് സോറൻ്റെ അഴിമതിക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു എന്ന് ബിജെപി തിരിച്ചടിച്ചു. ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം റാഞ്ചി കോടതിയിൽ ഹാജരാക്കുന്ന ഹേമന്ത് സോറനെ 10 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ ആണ് ഇഡി നീക്കം.

Similar Posts