ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംബൈ സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും
|ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംബൈ സോറനെ മുഖ്യമന്ത്രിയാക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംബൈ സോറൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംബൈ സോറനെ മുഖ്യമന്ത്രിയാക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച തീരുമാനിച്ചത്.അതേസമയം ഹേമന്ത് സോറനെ ഇ ഡി ഇന്ന് കോടതിയിൽ ഹാജരാക്കും.
ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ കല്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് ആദ്യം തീരുമാനമായത്. എന്നാൽ ജെഎംഎമ്മിൽ ചില പൊട്ടിത്തെറികൾ ഉണ്ടാകുമോ എന്ന് ഭയന്നാണ് ചംബൈ സോറനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ജാർഖണ്ഡ് ടൈഗർ എന്നറിയപ്പെടുന്ന ചംബൈ സോറൻ ഹേമന്ത് സോറന്‍റെ വിശ്വസ്തനാണ്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ പല ചോദ്യങ്ങൾക്കും സോറന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഹേമന്ത് സോറനെ ഇ.ഡി. ഇന്ന് കോടതിയിൽ ഹാജരാക്കും . സോറന് എതിരായ നടപടി രാഷ്ട്രീയ പ്രേരിതം എന്ന് ആരോപിച്ച് പ്രതിഷേധംം സംഘടിപ്പിക്കുവാനും ജെഎംഎം തീരുമാനിച്ചിട്ടുണ്ട് . ഹേമന്ത് സോറന് എതിരായ ഇ ഡി നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്വേഷണ ഏജൻസികൾ പ്രതിപക്ഷത്തെ തകർക്കുവാൻ ഉള്ള ഉപകരണമായി മാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിക്കൊപ്പം നിൽക്കാത്തവരെ ജയിലിലേക്ക് അയക്കുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. അതേസമയം അട്ടിമറി ഭീഷണി ഭയന്ന് മഹാസഖ്യം എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്.