![Chandra Shekhar Pemmasani wealthiest minister in Modi cabinet Chandra Shekhar Pemmasani wealthiest minister in Modi cabinet](https://www.mediaoneonline.com/h-upload/2024/06/10/1428837-pemmasani.webp)
ആസ്തി 5785 കോടി; മോദി മന്ത്രിസഭയിൽ ഏറ്റവും സമ്പന്നൻ ചന്ദ്രശേഖർ പെമ്മസാനി
![](/images/authorplaceholder.jpg?type=1&v=2)
ടി.ഡി.പി പ്രതിനിധിയായ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചുകയറിയത്.
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖർ പെമ്മസാനി. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയെന്ന നിലയിൽ പെമ്മസാനി പ്രചാരണത്തിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു എൻ.ആർ.ഐ ഡോക്ടറായ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചുകയറിയത്. 5785 കോടി രൂപയാണ് പെമ്മസാനിയുടെ ആസ്തി.
യു.എസിൽ ഡോക്ടറായ പെമ്മസാനി ഓൺലൈൻ ലേണിങ് ആപ്പായ 'യു വേൾഡ്' സ്ഥാപിച്ചതോടെയാണ് അതിസമ്പന്നരുടെ നിരയിലേക്ക് ഉയർന്നത്. അടുത്ത 30 വർഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് പെമ്മസാനി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പറഞ്ഞത്. പ്രകടനം വിലയിരുത്തി ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ചന്ദ്രശേഖർ പെമ്മസാനിക്ക് പുറമെ ശ്രീകാകുളം എം.പി കിഞ്ചാരപ്പു റാം മോഹൻ നായിഡുവാണ് ടി.ഡി.പിയിൽനിന്ന് കഴിഞ്ഞ ദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് റാം മോഹൻ നായിഡു. 72 മന്ത്രിമാരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.