India
ചിലർ സമ്പന്നരാകാൻ മയക്കുമരുന്ന് വിൽപനയും നടത്തും: ജഗൻ മോഹനെ പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്ത് ചന്ദ്രബാബു നായിഡു
India

'ചിലർ സമ്പന്നരാകാൻ മയക്കുമരുന്ന് വിൽപനയും നടത്തും': ജഗൻ മോഹനെ പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്ത് ചന്ദ്രബാബു നായിഡു

Web Desk
|
25 July 2024 12:54 PM GMT

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ അക്രമങ്ങൾക്ക് ഉത്തരവാദി ചന്ദ്രബാബു നായിഡുവാണെന്ന് ആരോപിച്ച് ജഗൻ മോഹൻ റെഡ്ഡി രംഗത്ത് വന്നിരുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെ അധോലോക മയക്കുമരുന്ന് വിതരണക്കാരനായിരുന്ന പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്ത് നിലവിലെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ജഗൻ മോഹന്റെ ഭരണത്തിനു പിന്നാലെ ആന്ധ്രാപ്രദേശിൽ കഞ്ചാവ് വ്യാപകമായി ലഭ്യമാകാൻ തുടങ്ങിയെന്നും ഏതൊരു ഗ്രാമത്തിലും ഇത് ലഭ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പാബ്ലോ എസ്‌കോബാർ കൊളംബിയൻ മയക്കുമരുന്ന് അധിപനായിരുന്നു.അദ്ദേഹം രാഷ്ട്രീയക്കാരനായി മാറി.തന്റെ സ്വാധീനം മയക്കുമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ചു.അന്ന് ആയാൾ 30 ബില്ല്യൺ ഡോളർ നേടി. ഇന്ന് അതിന്റെ മൂല്യം 90 ബില്ല്യൺ ഡോളറിനടുത്താണ്. 1976ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1980 ൽ ലോകത്തെ തന്നെ ഏറ്റവും ധനികനായ മയക്കുമരുന്ന് വിൽപനക്കാരനും അധോലോക അധിപനുമായി മാറി. മയക്കുമരുന്ന് വിൽപനയിലൂടെയും ധനികനായി മാറാം'- എന്നായിരുന്നു ചന്ദ്രബാബു നായിഡു നിയമസഭയിൽ നടത്തിയ വിവാദ പരാമർശം.

'എന്താണ് നമ്മുടെ മുൻ മുഖ്യമന്ത്രിയുടെ (വൈ എസ് ജഗൻ മോഹൻ റെഡ്ഡി) ലക്ഷ്യം. ടാറ്റ, റിലയൻസ്, അംബാനി എന്നിവർക്കെല്ലാം പണമുണ്ട്, അവരെക്കാൾ സമ്പന്നനാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. കുറച്ചുപേർക്ക് ആവശ്യങ്ങളുണ്ട്, കുറച്ച് പേർക്ക് അത്യാഗ്രഹമുണ്ട്, കുറച്ച് പേർക്ക് മാനിയ ഉണ്ട്. ഇത്തരക്കാർ ഇക്കാര്യങ്ങൾ ചെയ്യുന്നു' എന്നും അദ്ദേഹം പറഞ്ഞു. ജഗൻ ഭരണത്തിലിരുന്ന സമയത്ത് എന്തായിരുന്നു സംസ്ഥാനത്തെ ക്രമസമാധാന നിലയെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹത്തിന്റെ കീഴിൽ ആന്ധ്രാപ്രദേശ് ലഹരിയുടെ തലസ്ഥാനമായെന്നും നായിഡു കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ അക്രമങ്ങൾക്ക് ഉത്തരവാദി ചന്ദ്രബാബു നായിഡുവാണെന്ന് ആരോപിച്ച് ജഗൻ മോഹൻ റെഡ്ഡി രംഗത്ത് വന്നിരുന്നു. പിന്നാലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ഉയർത്തി അദ്ദേഹം ഡൽഹിയിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന.

Similar Posts