ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി
|നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ ഈ മാസം 19ലേക്ക് മാറ്റി. നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ നായിഡു നിലവിൽ രാജമുദ്രി ജയിലിലാണ്. വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് കെ. ശ്രീനിവാസ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് സി.ഐ.ഡി വിഭാഗത്തോട് നിർദേശിച്ചു.
നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച നന്ദ്യാൽ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.