India
chandrashekhar azad_wrestlers protest
India

ഗുസ്‌തി താരങ്ങളുടെ റാലിയിൽ പങ്കെടുത്ത് ചന്ദ്രശേഖർ ആസാദ്; സത്യപാൽ മാലിക്കും സമരപ്പന്തലിൽ

Web Desk
|
15 May 2023 1:03 PM GMT

ബേട്ടി ബച്ചാവോ മുദ്രാവാക്യമുയർത്തുന്ന ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ലെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ പ്രതികരിച്ചു

ഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കൊണാട്ടുപ്ലേസിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ റാലി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് റാലിയിൽ പങ്കെടുത്തു.

സമരത്തിന് പിന്തുണയുമായി നിരവധി ആളുകൾ ജന്തർ മന്തറിൽ എത്തിയിരുന്നു. ഇവരെല്ലാം റാലിയിൽ പങ്കെടുക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ കൂടുതൽ പിന്തുണ തങ്ങളുടെ സമരത്തിന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ ഇപ്പോൾ ഇത്തരമൊരു പ്രതിഷേധവുമായി ഡൽഹിയിലെ പ്രധാന കേന്ദ്രമായ കൊണാട്ടുപ്ലേസിലേക്ക് റാലി നടത്തുന്നത്. താരങ്ങൾക്ക് പിന്തുണ അറിയിച്ച് സത്യപാൽ മാലിക്കും സമരപ്പന്തലിൽ എത്തിയിരുന്നു.

അതേസമയം, താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടു. ഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ നിയമിച്ച ഇടക്കാല സമിതി ഏറ്റെടുത്തു. ഔദ്യോഗിക രേഖകൾ എല്ലാം സമിതിക്ക് കൈമാറണമെന്ന് ഫെഡറേഷൻ സെക്രട്ടറി ജനറലിനോട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഫെഡറേഷന്റെ ഭരണവും തെരഞ്ഞെടുപ്പും ഇടക്കാല സമിതിയുടെ നേതൃത്വത്തിലായിരിക്കും.

കർണാടകയിലെ ബിജെപി തോൽവിയെ പരിസഹിച്ച്‌ രംഗത്തെത്തിയ താരങ്ങൾ, ജനങ്ങളെ കേൾക്കാൻ തയ്യാറായില്ലങ്കിൽ ഇനിയും ബിജെപി തോൽക്കുമെന്നും ഇത്‌ തങ്ങളെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണെന്നും പ്രതികരിച്ചു.

നേരത്തേ, ഈ മാസം 21നകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് താരങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിജ് ഭൂഷണിൽ നിന്ന് ഭീഷണി തുടരുന്നതായും സമരപന്തലിന് മുന്നിൽ പോലും മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ബ്രിജ്ഭൂഷണിന്റെ അനുയായികൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ് എന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്.

ബേട്ടി ബച്ചാവോ മുദ്രാവാക്യമുയർത്തുന്ന ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ലെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ പ്രതികരിച്ചു. പിന്തുണ തേടി ബിജെപി വനിത എംപിമാർക്ക് കത്ത് അയയ്ക്കുമെന്നും കുറ്റക്കാരൻ സ്വതന്ത്രനായി നടക്കുകയാണെന്നും നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും താരങ്ങളുടെ വാർത്താ സമ്മേളനത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞു.

Similar Posts