എനിക്കൊന്നും ഓര്‍മയില്ല, പക്ഷെ എന്‍റെ ആളുകള്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; വെടിയേറ്റ ശേഷം ചന്ദ്രശേഖര്‍ ആസാദ്
|ചന്ദ്രശേഖർ ആസാദിന്‍റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേർ വെടിയുതിർക്കുകയായിരുന്നു
സഹാറന്‍പൂര്‍: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ സഹാറാൻപൂരിൽ വെച്ചായിരുന്നു ആക്രമണം. ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തന്‍റെ ആളുകള്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആസാദ് പറഞ്ഞു.
''എനിക്ക് നന്നായി ഓര്‍മയില്ല, പക്ഷെ എന്‍റെ ആളുകള്‍ അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ കാർ സഹാറന്‍പൂര്‍ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങൾ ഒരു യു-ടേൺ എടുത്തു.സംഭവം നടക്കുമ്പോൾ എന്‍റെ ഇളയ സഹോദരൻ ഉൾപ്പെടെ ഞങ്ങൾ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്” സംഭവത്തിന് ശേഷം ആശുപത്രിയിലായിരുന്ന ആസാദ് പറഞ്ഞു.“ചന്ദ്രശേഖർ ആസാദിന്‍റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേർ വെടിയുതിർക്കുകയായിരുന്നു.ഒരു ബുള്ളറ്റ് അദ്ദേഹത്തെ കടന്നു പോയി. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല,ചികിത്സയ്ക്കായി സിഎച്ച്സിയിലേക്ക് കൊണ്ടുപോയി. അന്വേഷണം നടക്കുന്നുണ്ട്''എസ്എസ്പി വിപിന്‍ ടാഡ എഎന്‍ഐയോട് പറഞ്ഞു.
ആക്രമണം നടക്കുമ്പോള്‍ ഒരു ടൊയോട്ട ഫോര്‍ച്യൂണറിലാണ് ആസാദ് യാത്ര ചെയ്തിരുന്നത്. വാഹനത്തിന്‍റെ സീറ്റിലും ജനാലയിലും വെടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ആസാദിന്‍റെ കാറിന് പിന്നിൽ നിന്ന് അക്രമികൾ നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.