ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി; പുതിയ പാർട്ടി പ്രഖ്യാപിക്കും
|കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുമായി യോജിച്ച് സഖ്യം രൂപീകരിക്കാനാണ് ചന്ദ്രശേഖര റാവുവിന്റെ ലക്ഷ്യം. രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ടിആർഎസ് വിട്ടുനിന്നിരുന്നു.
ഹൈദരാബാദ്: ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ നിർണായ നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. തന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. വിപുലമായ പരിപാടികളുമായി പാർട്ടി പ്രഖ്യാപനം നടത്താനാണ് ടിആർഎസ് നേതൃത്വം ആലോചിക്കുന്നത്.
കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുമായി യോജിച്ച് സഖ്യം രൂപീകരിക്കാനാണ് ചന്ദ്രശേഖര റാവുവിന്റെ ലക്ഷ്യം. രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാൻ മമതാ ബാനർജി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ടിആർഎസ് വിട്ടുനിന്നിരുന്നു. കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കുന്നതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് കെസിആർ മമതയെ അറിയിച്ചതായാണ് വിവരം.
അഖിലേഷ് യാദവ്, ഹേമന്ദ് സോറൻ, ദേവഗൗഡ, അണ്ണാ ഹസാരെ തുടങ്ങിയവരെ നേരത്തെ കെസിആർ വീട്ടിലെത്തി കണ്ടിരുന്നു. പിണറായി വിജയൻ, സീതാറാം യെച്ചൂരി തുടങ്ങിയ സിപിഎം നേതാക്കൾ തെലങ്കാന സന്ദർശനത്തിനിടെ കെസിആറിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എൻ.ടി രാമറാവുവിനും വൈഎസ്ആറിനും ജയലളിതക്കും ശേഷം തെക്കേ ഇന്ത്യയിൽനിന്ന് ഇത്രയേറെ ദേശീയ ശ്രദ്ധയാകർഷിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്നാണ് ടിആർഎസ് അവകാശപ്പെടുന്നത്. തെലങ്കാന മോഡൽ വികസനം രാജ്യമെങ്ങും നടപ്പാക്കുമെന്ന് അവകാശപ്പെട്ടാണ് കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തെലങ്കാനയിൽ പാർട്ടി നേതൃത്വം മകൻ കെ.ടി രാമറാവുവിന് നൽകുമെന്നാണ് സൂചന.