India
The touchdown point of Chandrayaan 3s Vikram Lander will be called Shiv Shakti, PM Narendra Modi at ISRO, Shiv Shakti point, Moon Tiranga point, National Space day, Chandrayaan 3,
India

'ചന്ദ്രയാൻ ഇറങ്ങിയ സ്ഥലം ഇനി ശിവശക്തി പോയിന്‍റ്'; പേരിട്ട് പ്രധാനമന്ത്രി മോദി

Web Desk
|
26 Aug 2023 3:21 AM GMT

ആഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ മോദി

ബംഗളൂരു: ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിനു പേരിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കേന്ദ്രം ഇനി ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് മോദി പ്രഖ്യാപിച്ചു. ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിലും അറിയപ്പെടും. ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണു പ്രഖ്യാപനം. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയതായിരുന്നു മോദി.

ശിവശക്തി പോയിന്റ് വരുന്ന തലമുറകളെ പ്രചോദിപ്പിക്കും. എല്ലാ ഹൃദയത്തിലും വീട്ടിലുമെല്ലാം 'തിരംഗ'(പതാക) ഉണ്ടായിരുന്നു. ഇനിയിതാ ചന്ദ്രനിലും ഒരു തിരംഗ. ശാസ്ത്രത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അതു നൽകുന്നത്. ചന്ദ്രയാൻ 3 ദൗത്യം വിജയിപ്പിക്കുന്നതിൽ സ്ത്രീകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ നേട്ടത്തിൽ ലോകത്തെങ്ങുമുള്ള ജനങ്ങൾ വലിയ ആവേശത്തിലാണ്-മോദി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും ഗ്രീസിലും പര്യടനത്തിലായിരുന്നെങ്കിലും മനസ് ഇവിടെയായിരുന്നുവെന്നം മോദി പറഞ്ഞു. എത്രയും പെട്ടെന്ന് നിങ്ങളെ നേരിൽകണ്ട് അഭിവാദ്യം അർപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു. നമ്മൾ ഒടുവിൽ നമ്മുടെ പതാക ചന്ദ്രനിൽ പതിച്ചിരിക്കുകയാണ്. ഇതാണു പുതിയ ഇന്ത്യ. ചില നിമിഷങ്ങൾ അനശ്വരവും നിത്യഹരിതവുമാകും. അത്തരത്തിലൊന്നാണിത്. ചന്ദ്രയാൻ പകർത്തിയ പുതിയ ദൃശ്യങ്ങൾ കണ്ടുവെന്നും എല്ലാം വിസ്മയിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

ചന്ദ്രയാൻ ഇന്ത്യയുടെ മാത്രം വിജയമല്ല, മനുഷ്യരാശിയുടെ ഒന്നാകെ വിജയമാണ്. ലോകമൊന്നടങ്കം നമ്മുടെ വിജയം അംഗീകരിച്ചുകഴിഞ്ഞു. ലോകത്തിനൊന്നാകെ ചാന്ദ്രപദ്ധതികൾക്കുള്ള കവാടമാകും നമ്മുടെ ദൗത്യം-മോദി കൂട്ടിച്ചേർത്തു.

Summary: The touchdown point of Chandrayaan 3's Vikram Lander will be called 'Shiv Shakti': PM Narendra Modi declares

Similar Posts