'മോദിയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു,ഒഡിഷയിൽ കണ്ടത് അതിന്റെ മാറ്റം'; കേന്ദ്രമന്ത്രി
|ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന സംസ്ഥാനമായിരുന്നു ഒഡിഷ
ഖോർധ (ഒഡീഷ): ഒഡിഷയിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡിഷയിൽ മാറ്റം ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളിൽ ആളുകൾ വിശ്വാസം അർപ്പിച്ചു. അതിന്റെ മാറ്റമാണ് ഇപ്പോൾ കാണുന്നത്. ഒഡിഷയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഈ മാറ്റം ജനങ്ങളുടെ ക്ഷേമത്തിനായിരിക്കും. ഒഡിഷ മുൻനിര സാമ്പത്തിക സംസ്ഥാനമായി മാറും...അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന സംസ്ഥാനമായിരുന്നു ഒഡിഷ. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന്റെ രണ്ട് ദശാബ്ദക്കാലത്തെ ഭരണത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളും ഒഡിഷയിൽ ബി.ജെ.പിക്ക് മുൻതൂക്കം തന്നെയാണ് പ്രവചിച്ചിരുന്നത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഒഡീഷയിലെ 147 അംഗ നിയമസഭയിൽ ബിജെഡിയും ബിജെപിയും 62-80 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം.
ഭരണകക്ഷിയായ ബി.ജെ.ഡിയെ ബഹുദൂരം പിന്നിലാക്കിയാണ് ബി.ജെ.പി ഒഡിഷയിൽ മുന്നേറുന്നത്. നിലവിൽ 75 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെഡി 56 സീറ്റിലും കോൺഗ്രസ് 13ഉം സിപിഎം ഒരു സീറ്റിലും ഇൻഡ്യ സഖ്യം രണ്ട് സീറ്റിലും ലീഡ് ചെയ്യുകയാണ്.2019ൽ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിൽ 147ൽ 115 സീറ്റുകൾ നേടി ബി.ജെ.ഡി ഭരണം നിലനിർത്തുകയായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡിക്ക് അടി പതറി. 21 ലോക്സഭ മണ്ഡലങ്ങളിൽ 12 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇത്തവണയും ലോക്സഭക്കൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്.
നവീൻ പട്നായിക്ക് യുഗം അവസാനിക്കുമോ?
23 വർഷമായി ഒഡീഷയുടെ മുഖ്യമന്ത്രിയായി തുടരുന്ന നവീൻ പട്നായിക്കിന് പകരമായി മറ്റൊരു പേര് ഇന്നു വരെ അവിടെ ഉയർന്നിട്ടുണ്ടാവില്ല. ബിജു പട്നായികിന്റെ മകൻ എന്ന പിൻബലവും രാഷ്ട്രീയ പാരമ്പര്യവും അദ്ദേഹത്തെ തുണച്ചിട്ടുണ്ട്. ഒഡിയ അറിയാത്ത മുഖ്യമന്ത്രി എന്ന പേര് ദോഷം നേരിട്ട നവീൻ അതേ ഭാഷയെ ആയുധമാക്കി ഭരണം നിലനിർത്തിയ ആളാണ്. വലിയ രീതിയിലുള്ള ഭരണവിരുദ്ധ വിഷയങ്ങൾ ഒഡിഷയിലില്ല. സ്ത്രീകളെ ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വലിയ തോതിൽ വനിതാ വോട്ടുകൾ ബിജെഡിക്ക് ലഭിക്കാറുണ്ട്. നവീൻ പട്‌നായിക്കിന്റെ അനാരോഗ്യമാണ് ബി.ജെ.ഡിക്ക് തിരിച്ചടിയായത്. ഇതിന് പുറമെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ താക്കോൽ കാണാതായതുൾപ്പടെയുള്ള വിഷയങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനവിഷയങ്ങളായി.