ചാര്‍ ധാമില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹിന്ദുത്വ നേതാവ്; പിന്നാലെ 'വെരിഫിക്കേഷന്‍ ഡ്രൈവ്' പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
|അഹിന്ദുക്കളായവര്‍ ചാർ ധാം ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കരാചാര്യ പരിഷത്ത് കത്തെഴുതിയത്
ചാർ ധാം തീര്‍ഥാടന യാത്രയിൽ പുറത്തുനിന്ന് വരുന്ന ആളുകളെ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. സംസ്ഥാനത്തിന്‍റെ സമാധാനത്തിന് ഭീഷണിയുയര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നും അതിന് വേണ്ടിയാണ് പുതിയ നിര്‍ദേശമെന്നും പുഷ്കര്‍ സിങ് പറഞ്ഞു. എന്നാല്‍ ചാർധാം ആരാധനാലയങ്ങൾക്ക് ചുറ്റും അഹിന്ദുക്കൾ വ്യാപാരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ നേതാക്കള്‍ പുഷ്കർ സിങ് ധാമിക്ക് കത്തെഴുതിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം.
കയ്യേറ്റക്കാർക്കും മതഭ്രാന്ത് പടർത്തുന്നവർക്കും ഉത്തരാഖണ്ഡില്‍ ഇടമില്ലെന്നും ഇത്തരം കാര്യങ്ങളിൽ നിയമം അതിന്‍റേതായ വഴി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി കൂട്ടിച്ചേർത്തു.
തൊഴിലിന്‍റെയും കച്ചവടത്തിന്‍റെയും പേരിൽ അഹിന്ദുക്കൾ സംസ്ഥാനത്തെ പല പുണ്യസ്ഥലങ്ങളിലും സ്ഥിരതാമസമാക്കുകയാണെന്നും ചാർധാം ആരാധനാലയങ്ങൾക്ക് ചുറ്റും അഹിന്ദുക്കൾ വ്യാപാരം നടത്തുന്നത് തടയണമെന്നും ഹിന്ദുത്വ നേതാക്കള്‍ പ്രഖ്യാപിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി തന്നെ 'വെരിഫിക്കേഷന്‍ ഡ്രൈവ്' പ്രഖ്യാപിക്കുന്നത്.
''ചാർ ധാം യാത്രയിൽ പുറത്ത് നിന്ന് ഉത്തരാഖണ്ഡിലേക്ക് വരുന്ന ആളുകൾ കര്‍ശനമായ പരിശോധനയ്ക്ക് വിധേയരാകണം. സമാധാനത്തിന് ഭീഷണിയായേക്കാവുന്നവർ സംസ്ഥാനത്ത് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണിത്." ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. അതുപോലെ തന്നെ ഉത്തരാഖണ്ഡിൽ സ്ഥിരതാമസമാക്കിയവരാണെങ്കിലും അവര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണെങ്കില്‍ അവരെയും പരിശോധിക്കണമെന്നും പുഷ്കര്‍ സിങ് പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് പുഷ്കര്‍ സിങിന്‍റെ ഉത്തരവ്.
ഏപ്രിൽ 17 നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് ഹരിദ്വാർ ആസ്ഥാനമായുള്ള ഹിന്ദുത്വ നേതാക്കളുടെ സമിതി ആയ ശങ്കരാചാര്യ പരിഷത്ത് കത്തെഴുതിയത്. അഹിന്ദുക്കളായവര്‍ ചാർ ധാം ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലിന്‍റെയും കച്ചവടത്തിന്‍റെയും പേരിൽ അഹിന്ദുക്കൾ സംസ്ഥാനത്തെ പല പുണ്യസ്ഥലങ്ങളിലും സ്ഥിരതാമസമാക്കുകയാണെന്ന് ശങ്കരാചാര്യ പരിഷത്ത് തലവൻ ആനന്ദ് സ്വരൂപ് ആരോപിച്ചിരുന്നു. മുസ്‍ലിങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരാ വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയ്ക്കുള്ള തുറന്ന ആഹ്വാനങ്ങളും നടത്തിയിരുന്നു ഹരിദ്വാർ ധർമ്മ സൻസദിന്‍റെ പ്രധാന പ്രഭാഷകരിൽ ഒരാളാണ് ആനന്ദ് സ്വരൂപ്.