India
കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി വസതിക്കു മുന്നില്‍ പ്രതിഷേധമിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
India

കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി വസതിക്കു മുന്നില്‍ പ്രതിഷേധമിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Web Desk
|
28 Sep 2021 1:11 PM GMT

അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് തള്ളി.

കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. വേണ്ടിവന്നാൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ സമരം ചെയ്യുമെന്ന് ചരൺജിത്ത് സിംഗ് പറഞ്ഞു. കർഷക പ്രക്ഷോഭത്തോടെ മുൻ മുഖ്യമന്ത്രി അമരീന്ദ്രർ സിംഗ് മുഖം തിരിച്ചതായുള്ള വിമർശനങ്ങളുടെ പശ്ചാതലത്തിലായിരന്നു ചരൺജിത്തിന്റെ പ്രതികരണം.

പാർട്ടിയിലെ അടുത്ത സുഹൃത്തായ നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജിയെ കുറിച്ച് ഒന്നുമറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവസങ്ങൾ നീണ്ട നാടകീയതക്കൊടുവിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചതിന് പിന്നാലെയാണ് സിദ്ദുവും പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

കർഷക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ നിന്നും ഡൽഹി വരെ ജനങ്ങളെയും കൂട്ടി സമരത്തിൽ പങ്കുചേരാൻ തയ്യാറാണ്. വേണ്ടിവന്നാൽ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധമിരിക്കുമെന്നും ചരൺജിത്ത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

നമുക്കെല്ലാവർക്കും വേണ്ട നീതിക്കായി സ്വന്തം ജീവൻ ബലിയർപ്പിച്ചവരാണ് സമരം ചെയ്യുന്ന കർഷകരെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പിലേക്ക് പ്രവേശിക്കാനിരിക്കെ, കർഷക സമരത്തിന് കോൺഗ്രസ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന കർഷക ബന്ദിന് പിന്തുണയർപ്പിച്ച് ചരൺജിത്ത് സിംഗിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു.

അമരീന്ദറിന്റെയും സിദ്ദുവിന്റെയും അഭാവത്തിൽ പാർട്ടിയിൽ നേതൃപ്രതിസന്ധിയുണ്ടെന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അമരീന്ദർ സംഗിന്റെ രാജിയോടെ പാർട്ടിയിൽ സിദ്ദു ശക്തനായി മാറുമെന്ന പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടായിരുന്നു, പൊടുന്നനെയുള്ള മുൻ ക്രിക്കറ്റ് താരത്തിന്റെ രാജി പ്രഖ്യാപനം.

സിദ്ദുവിന്റെ രാജിയെ കുറിച്ച് കൂടുതലായി ഒന്നുമറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി, അദ്ദേഹം തങ്ങളുടെ മികച്ച നേതാവാണെന്നും അദ്ദേഹത്തിൽ പൂർണ വിശ്വാസമുള്ളതായും പറയുകയായിരുന്നു. താനുമായോ പാർട്ടിയുമായോ സിദ്ദുവിന് പ്രശ്‌നങ്ങളില്ല. അമരീന്ദർ സിംഗ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. ഡൽഹിയിൽ പോയ അമരീന്ദർ ബി.ജെ.പി നേതൃത്വത്തെ കാണാനണെന്ന വാദം തള്ളിയ ചരൺജിത്ത് സിംഗ്, പഞ്ചാബിനു വേണ്ടിയാണ് അമരീന്ദർ ഡൽഹിയിൽ പോയതെന്നും പറഞ്ഞു.

Similar Posts