'ആശ'യുടെ ഗർഭം അലസി; മാനസിക സമ്മർദം മൂലമെന്ന് അധികൃതര്‍
|ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ആഫ്രിക്കയിലെ നമീബയിൽ നിന്നായിരുന്നു എട്ട് ചീറ്റപ്പുലികളെ വിമാനമാർഗം എത്തിച്ചത്. ചീറ്റപ്പുലികളിലൊരാളായ 'ആശ' ഗർഭിണിയാണെന്ന വാർത്ത അധികം വൈകാതെ തന്നെ പരക്കുകയും ചെയ്തു.
സെപ്റ്റംബർ അവസാനത്തോടെയാണ് ആശ ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. എന്നാൽ, നവംബർ ആദ്യം വാരമായിട്ടും പ്രസവം നടന്നില്ല. തുടർന്നാണ് ആശയുടെ ഗർഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മർദം കാരണമാണ് ഗർഭമലസിയതെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ആഫ്രിക്കയിൽ നിന്ന് പിടികൂടുമ്പോൾ നടത്തിയ പ്രാഥമിക വൈദ്യപരിശോധനയിൽ തന്നെ ഗർഭിണിയായതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. എന്നാൽ കുനോയിൽ കൂടുതൽ പരിശോധനക്കുള്ള സൗകര്യങ്ങളില്ലാത്തതിനാൽ എത്രമാസമായെന്നത് കൃത്യമായി നിർണയിക്കാൻ സാധിച്ചില്ല. ഗർഭിണിയായെന്ന വിവരമുള്ളതിനാൽ ആശയുടെ കാര്യത്തില്‍ മധ്യപ്രദേശിലെ ഫോറസ്റ്റ് ഓഫീസർമാർ അതീവ ശ്രദ്ധാലുമായിരുന്നു. ആശക്ക് പ്രത്യേക പരിഗണനയും പരിചരണവും നാഷണൽപാർക്കിലെ ഉദ്യോഗസ്ഥർ നൽകിയിരുന്നു.
'ചീറ്റകളുടെ ഗർഭകാലം 93 ദിവസമാണ്. ആശ കാട്ടിൽ നിന്ന് വന്നിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. ഇന്ത്യയിലെത്തുമ്പോൾ ആശ ഗർഭത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു. എന്നാൽ ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മാനസിക സമർദങ്ങളുമാകും ഗർഭമലസാൻ കാരണമെന്ന് സിസിഎഫ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ലോറി മാർക്കർ പറഞ്ഞു.ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ ചീറ്റപ്പുലികളിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചീറ്റപ്പുലികളിൽ രണ്ടെണ്ണത്തിനെ ക്വാറന്റീനിന് ശേഷം വിശാലമായ സ്ഥലത്തേക്ക് തുറന്നുവിട്ടു. പ്രധാനമന്ത്രിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചീറ്റകൾ ആരോഗ്യത്തോടെ കഴിയുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നരേന്ദ്രമോദിയുടെ ജന്മദിവസമായിരുന്നു എട്ടുചീറ്റകളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്.1952ൽ രാജ്യത്തുനിന്ന് അപ്രത്യക്ഷമായ ചീറ്റകൾ ഏഴു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ മണ്ണിലെത്തുന്നത്. ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തിച്ച ഇവയെ കുനോയിലേക്ക് ഹെലികോപ്ടർ വഴിയാണ് കൊണ്ടുവന്നത്.