ഏഴ് പതിറ്റാണ്ടിന് ശേഷം രാജ്യത്ത് ചീറ്റപ്പുലികളെത്തി; ജന്‍മദിനത്തില്‍ പ്രധാനമന്ത്രി കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിടും
|ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്
ഡല്‍ഹി: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിടും. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികൾ എത്തുന്നത്. ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഗ്വാളിയോറിൽ എത്തി. പ്രധാനമന്ത്രി 10.45 ഓടെ ചീറ്റകളെ തുറന്ന് വിടും
ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ,ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിക്കുക. വന്യജീവി വിദഗ്ധരും വെറ്ററിനറി ഡോക്ടർമാരും മൂന്ന് ബയോളജിസ്റ്റുകളും മൃഗങ്ങളെ അനുഗമിക്കും. 10 കമ്പാർട്ടുമെന്‍റുകളുള്ള വൈദ്യുതീകരിച്ച ചുറ്റുപാട്, ചീറ്റകളെ കാട്ടിലേക്ക് വിടുന്നതിന് മുമ്പ് ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി നിർമ്മിച്ചിട്ടുണ്ട്. ഓരോ ചീറ്റക്കുമായി ഓരോ വോളണ്ടിയറെ നിയോഗിക്കും. അവര്‍ മൃഗങ്ങളെ നിരീക്ഷിക്കും. ജിയോലൊക്കേഷൻ അപ്‌ഡേറ്റുകൾക്കായി ഓരോ ചീറ്റയിലും സാറ്റലൈറ്റ് റേഡിയോ കോളറുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ വീണ്ടും എത്തിക്കുന്നത്. കുറഞ്ഞത് 20 ചീറ്റകളെയങ്കിലും ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
വേട്ടയാടൽ, ആവാസവ്യവസ്ഥ നഷ്ടമാകല്‍, ഭക്ഷ്യക്ഷാമം എന്നിവയാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഗ്രാമത്തില്‍ പ്രവേശിച്ച് കന്നുകാലികളെ കൊന്നുതിന്നുന്ന കാരണത്താല്‍ ചീറ്റുകളെ കൊന്നിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.
#WATCH | The special chartered cargo flight, bringing 8 cheetahs from Namibia, lands at the Indian Air Force Station in Gwalior, Madhya Pradesh.
— ANI (@ANI) September 17, 2022
Prime Minister Narendra Modi will release the cheetahs into Kuno National park in MP today, on his birthday. pic.twitter.com/J5Yxz9Pda9