India
100 ജീവനക്കാർക്ക് 100 കാറുകൾ സമ്മാനമായി നൽകി ഐടി കമ്പനി
India

100 ജീവനക്കാർക്ക് 100 കാറുകൾ സമ്മാനമായി നൽകി ഐടി കമ്പനി

Web Desk
|
12 April 2022 8:57 AM GMT

ചെന്നൈ ആസ്ഥാനമായുള്ള 'ഐഡിയാസ്2ഐടി' എന്ന കമ്പനിയാണ് 15 കോടി രൂപയോളം മുടക്കി ജീവനക്കാര്‍ക്ക് കാറുകൾ സമ്മാനിച്ചത്

ചെന്നൈ: കമ്പനിയുടെ വിജയത്തിനും വളർച്ചയ്ക്കും കൂടെ നിന്ന 100 ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ഐ.ടി കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 15 കോടി രൂപയോളം മുടക്കി 100 കാറുകൾ സമ്മാനിച്ചത്. ചെന്നൈയിലെ തന്നെ മറ്റൊരു കമ്പനിയായ 'കിസ്ഫ്‌ലോ' തങ്ങളുടെ അഞ്ച് മാനേജ്മെന്റ് സ്റ്റാഫുകൾക്ക് പുതിയ ബിഎംഡബ്ല്യു കാറുകൾ സമ്മാനിച്ചതിന് പിന്നാലെയാണ്, സിലിക്കൺ വാലി ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഐഡിയസ് 2ഐടി തങ്ങളുടെ ജീവനക്കാർക്ക് 100 മാരുതി സുസുക്കി കാറുകൾ സമ്മാനമായി നൽകിയത്.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗായത്രി വിവേകാനന്ദൻ, ചെയർമാൻ മുരളി വിവേകാനന്ദൻ എന്നിവർ ചേർന്നാണ് ജീവനക്കാർക്കുള്ള 'സ്‌നേഹ സമ്മാനം' നൽകിയത്. ' 10 വർഷത്തിലേറെയായി ഞങ്ങളുടെ ഭാഗമായ 100 ജീവനക്കാർക്ക് 100 കാറുകൾ കൈമാറി. 'ഞങ്ങൾക്ക് 500 ജീവനക്കാരുണ്ട്. ഞങ്ങൾക്ക് ലഭിച്ച സമ്പത്ത് ജീവനക്കാർക്ക് തിരികെ നൽകുക എന്നതാണ് ഞങ്ങളുടെ ആശയ'മെന്ന് ഐഡിയാസ്2ഐടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

'കമ്പനിയെ മെച്ചപ്പെടുത്താൻ ജീവനക്കാർ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. കമ്പനി അവർക്ക് കാർ നൽകുകയല്ല, പകരം അവർ സ്വന്തം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്ന് ' ഐഡിയസ്2ഐടി സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞു. ഏഴെട്ടു കൊല്ലം മുമ്പ് ഞങ്ങൾ അവർക്കൊരു വാക്ക് നൽകിയിരുന്നു. കമ്പനി അതിന്റെ ലക്ഷ്യം കൈവരിക്കുമ്പോൾ ലാഭത്തിന്റെ ഒരുഭാഗം അവർക്ക് നൽകും. ഈ സമ്മാനം അതിന്റെ ആദ്യ പടി മാത്രമാണ്. ഭാവിയിൽ കൂടുതൽ സമ്മാനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ സ്ഥാപിച്ച കമ്പനിക്ക് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് 56 ശതമാനത്തിന്റെ വള‍ര്‍ച്ചയാണ് ഉണ്ടായത്. വള‍ര്‍ച്ചയുടെ ഒരു വിഹിതമാണ് കമ്പനി ജീവനക്കാര്‍ക്ക് നൽകുന്നതെന്ന് ഗായത്രി പറഞ്ഞു. 12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണ് ഓരോ ജീവനക്കാര്‍ക്കും നൽകിയിരിക്കുന്നത്.

'ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷമുള്ള കാര്യമാണ്, ഏത് വിശേഷ അവസരങ്ങളിലും സ്വർണ്ണ നാണയങ്ങൾ, ഐഫോണുകൾ പോലുള്ള സമ്മാനങ്ങൾ നൽകി കമ്പനി സന്തോഷം പങ്കുവെക്കാറുണ്ടെന്നും ഈ കാർ ഞങ്ങൾക്ക് വളരെ വലിയ കാര്യമാണെന്നും സമ്മാനം സ്വീകരിച്ച ജീവനക്കാരനായ പ്രസാദ് പറഞ്ഞു.

Similar Posts