മരിച്ചെന്ന് നാട്ടുകാർ; മരം വീണ് ബോധം നഷ്ടപ്പെട്ട യുവാവിനെ തോളിലേറ്റി 'സിങ്കപ്പെണ്ണ്'
|അവശനിലയിലായ 28കാരൻ ഉദയകുമാറിനെ തന്റെ തോളിൽ തൂക്കിയാണ് ഇൻസ്‌പെക്ടറായ രാജേശ്വരി ആശുപത്രിയിൽ എത്തിച്ചത്
കനത്ത മഴയിൽ വീണ മരത്തിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇൻസ്‌പെക്ടർ. അവശനിലയിലായ 28കാരൻ ഉദയകുമാറിനെ തന്റെ തോളിൽ തൂക്കിയാണ് ഇൻസ്‌പെക്ടറായ രാജേശ്വരി ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ചെന്നൈ കീഴ്പാക്കം ശ്മശാനത്തിൽ ജോലിക്കാരനാണ് ഉദയകുമാർ. കനത്ത മഴയെ തുടർന്ന് മരംവീഴുകയും അതിനടിയിൽ ഉദയകുമാർ കുടുങ്ങുകയുമായിരുന്നു. മരത്തിനടിയിൽപ്പെട്ട ഉദയകുമാർ അബോധാവസ്ഥയിലായി. ഇയാൾ മരിച്ചതായി പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ഇൻസ്‌പെക്ടർ രാജേശ്വരിയും സംഘവും മരത്തിനടിയിൽ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. അപ്പോഴാണ് ഇയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടൻ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളിൽ ചുമന്ന് അതുവഴിവന്ന ഓട്ടോയിൽ കയറ്റിവിടുകയും ചെയ്തു.
ഇപ്പോൾ ഉദയകുമാർ കീഴ്പാക്കം സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധിപ്പേർ പ്രശംസിച്ചു.