India
Chennai,diamond necklace,latest national news ,വജ്രമാല നഷ്ടപ്പെട്ടു,ചെന്നൈ,

പ്രതീകാത്മക ചിത്രം

India

അഞ്ചുലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് വലിച്ചെറിഞ്ഞത് ചവറ്റുകൊട്ടയിലേക്ക്; അബദ്ധം മനസിലായത് പിന്നീട്

Web Desk
|
24 July 2024 6:18 AM GMT

മുൻസിപ്പാലിറ്റി സ്ഥാപിച്ച ചവറ്റുകൊട്ടയിലേക്കായിരുന്നു ദേവരാജ് നെക്ലേസ് വലിച്ചെറിഞ്ഞത്

ചെന്നൈ: വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്നത് പലപ്പോഴും ഓരോരുത്തരുടെയും അശ്രദ്ധമൂലമായിരിക്കും. അത് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും.പിന്നീട് അത് വീണ്ടെടുക്കാനാവാതെ നഷ്ടമാകുകയും ചെയ്യും. തമിഴ്‌നാട്ടിലെ ചെന്നൈയിൽ ഒരാൾക്ക് അത്തരത്തിലൊരു അബദ്ധം സംഭവിച്ചു.ദേവരാജ് എന്നയാൾ മകളുടെ വിവാഹത്തിന് തന്‍റെ അമ്മ വിവാഹസമ്മാനമായി നൽകിയ ഡയമണ്ട് നെക്ലേസ് ചവറ്റുകൊട്ടയിൽ അറിയാതെ വലിച്ചെറിഞ്ഞു. അതും അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം.

തനിക്ക് പറ്റിയ അബദ്ധം പിന്നീടാണ് ദേവരാജ് തിരിച്ചറിഞ്ഞത്. മാലിന്യങ്ങൾ നിക്ഷേപിക്കാനായി മുൻസിപ്പാലിറ്റി സ്ഥാപിച്ച ചവറ്റുകൊട്ടയിലേക്കായിരുന്നു ദേവരാജ് നെക്ലേസ് വലിച്ചെറിഞ്ഞത്. സംഭവം ഓർമവന്നതോടെ ദേവരാജ് ഉടൻ മുൻസിപ്പാലിറ്റി അധികൃതരെ വിവരമറിയിച്ചു. അപ്പോഴേക്കും ചവറ്റുകൊട്ടയിലെ മാലിന്യം ശുചീകരണത്തൊഴിലാളികൾ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അധികൃതർ ശുചീകരണതൊഴിലാളികളുമായി മാലിന്യങ്ങളിൽ വിശദമായ തിരച്ചിൽ നടത്തി. ചെന്നൈ കോർപ്പറേഷൻ കരാർ എടുത്തിട്ടുള്ള മാലിന്യ സംസ്‌കരണ കമ്പനിയും തിരച്ചിലിൽ ഭാഗമായി.

ഏറെനേരത്തെ തിരച്ചിലിനൊടുവിൽ മാലിന്യങ്ങൾക്കുള്ളിൽ നിന്ന് വജ്രമാല കണ്ടെത്തി. ഇതോടെയാണ് ദേവരാജിന് ആശ്വാസമായത്. വെറുമൊരു വജ്രമാല എന്നതിനപ്പുറം തന്റെ അമ്മ തന്റെ മകൾക്ക് നൽകിയ വിവാഹസമ്മാനമാണിതെന്നും അതിനാൽ ഏറെ പ്രിയപ്പെട്ടതാണെന്നും ദേവരാജ് പറയുന്നു.

ഇത്രയും വിലപിടിപ്പുള്ള ആഭരണം വീണ്ടെടുക്കാൻ സഹായിച്ചതിന് മുൻസിപ്പാലിറ്റിയോടും ശുചീകരണത്തൊഴിലാളികളോടും ജീവനക്കാരോടും നന്ദി രേഖപ്പെടുത്തിയാണ് ദേവരാജ് മടങ്ങിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Similar Posts