ഛത്തീസ്ഗഢ് ചർച്ച് ആക്രമണം; അന്വേഷണം ശക്തമാക്കി പൊലീസ്
|ആദിവാസികൾ നടത്തിയ സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
റായ്പൂർ: ഛത്തീസ്ഗഢിലെ നാരായൺപൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും.
ആദിവാസികൾ നടത്തിയ സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിൽ നിന്ന് ഇന്നലെ റിപ്പോർട്ട് തേടിയിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ ബി.ജെ.പി ജില്ലാ അധ്യക്ഷനക്കം അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മതപരിവർത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയായിരുന്നു പള്ളിക്കും പൊലീസിനും നേരെ ആക്രമണമുണ്ടായത്. ബി.ജെ.പി നാരായൺപൂർ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്സായെ, അങ്കിത് നന്തി, അതുൽ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവരാണ് പിടിയിലായത്.
ഇവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെല്ലാം പള്ളി തകർത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്. ഛത്തീസ്ഗഢിലെ നാരായൺപൂരിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമണം.
മതപരിവർത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയാണ് ബി.ജെ.പി പ്രവർത്തകരും നേതാക്കളും ക്രിസ്ത്യൻ പള്ളിക്കും പൊലീസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധവുമായെത്തിയവർ പള്ളിക്കു നേരെയും പൊലീസുകാർക്കു നേരെയും ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ പത്തിലേറെ പൊലീസുകാർക്കാണ് പരിക്കേറ്റത്. നാരായൺപൂർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച അക്രമികൾ മറ്റ് ഉദ്യോഗസ്ഥരേയും ആക്രമിക്കുകയായിരുന്നു.
സംഘർഷം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിനു നേരെ ആക്രമണം. പ്രതിഷേധക്കാർ പള്ളിയിലെ യേശുക്രിസ്തുവിന്റേത് ഉൾപ്പെടെയുള്ള ആരാധനാ രൂപങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.