ഛത്തീസ്ഗഢിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ മുതിർന്ന നേതാവ് കോൺഗ്രസിൽ ചേർന്നു
|ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റായ്പൂർ: ഛത്തീസ്ഗഢിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ നന്ദകുമാർ സായി കോൺഗ്രസിൽ ചേർന്നു. റായ്പൂരിൽ പാർട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സംസ്ഥാന അധ്യക്ഷൻ മോഹൻ മർകവും ചേർന്ന് അദ്ദേഹത്തിന് അംഗത്വം നൽകി. ബിജെപിയുടെ ഗോത്രവർഗ മുഖമായിരുന്ന സായിയുടെ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
ഭൂപേഷ് ബാഗേൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. "ബിജെപിയിൽ നിന്നുള്ള രാജി എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമായിരുന്നു. ജനസംഘത്തിന്റെ കാലം മുതൽ ഞാൻ ബിജെപിയുമായി ബന്ധപ്പെട്ടിരുന്നു. വാജ്പേയിയുടേയും മറ്റ് പ്രമുഖ നേതാക്കളുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഞാൻ അവലോകനം ചെയ്തു. ഇവിടെ മുഖ്യമന്ത്രി ബാഗേലിന്റെ നേതൃത്വത്തിൽ കർഷകർക്കുള്ള ഒരു പ്രധാന പദ്ധതി എന്ന ആശയം എനിക്ക് ഇഷ്ടപ്പെട്ടു"- അദ്ദേഹം പ്രതികരിച്ചു.
അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത ബാഗേൽ, ഗോത്രവർഗ നേതാവായ സായി എപ്പോഴും ആ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സായി എല്ലായ്പ്പോഴും ആദിവാസി സമൂഹത്തിന്റെ താൽപ്പര്യത്തിനാണ് പ്രവർത്തിക്കുന്നത്, കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനത്തെ പരസ്യമായി പ്രശംസിച്ചു. കാരണം അദ്ദേഹം ഒരു യഥാർഥ ആദിവാസി നേതാവാണ്- മുഖ്യമന്ത്രി പറഞ്ഞു.
മുൻ ലോക്സഭാ എം.പിയും ഛത്തീസ്ഗഡിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ നന്ദകുമാർ സായി ഞായറാഴ്ചയാണ് പാർട്ടി വിട്ടത്. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചതായി രാജിക്കത്തിൽ സായി പറഞ്ഞു. ചില പാർട്ടി നേതാക്കൾ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും തനിക്കെതിരെ ബിജെപിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലെ പ്രമുഖ ഗോത്രവർഗ മുഖമായ സായി നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. രണ്ട് തവണ ലോക്‌സഭാ എം.പിയും മൂന്ന് തവണ എം.എൽ.എയുമായ ഈ 77കാരൻ, മുമ്പ് ഛത്തീസ്ഗഡിലും (2003-2005) അവിഭക്ത മധ്യപ്രദേശിലും (1997-2000) ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.
1977ൽ മധ്യപ്രദേശിലെ തപ്കര സീറ്റിൽ നിന്ന് (ഇപ്പോൾ ജഷ്പൂർ ജില്ലയുടെ ഭാഗം) ജനതാ പാർട്ടി എം.എൽ.എയായാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1985, 1998 വർഷങ്ങളിലും മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢ് രൂപീകരണത്തിന് ശേഷം 2000ൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാന നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു.
1989,1996, 2004 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലാണ് ലോക്‌സഭയിലേക്ക് എത്തിയത്. ദേശീയ പട്ടികവർഗ കമ്മീഷന്റെ മുൻ ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം വടക്കൻ ഛത്തീസ്ഗഢിലെ സർഗുജ ഡിവിഷനിലെ ആദിവാസി മേഖലകളിൽ സ്വാധീനമുള്ള വ്യക്തിയാണ്. വരാനിരിക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി.