പനീർ ബിരിയാണിയിൽ ചിക്കൻ കഷ്ണം, മതവികാരം വ്രണപ്പെടുത്തിയെന്ന് ഉപഭോക്താവ്; സൊമാറ്റോയുടെ മറുപടി ഇങ്ങനെ
|ചിക്കൻ കഷ്ണമുള്ള ബിരിയാണിയുടെ ഫോട്ടോയും വീഡിയോയും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു
പൂനെ: ഫുഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്ത് പണി കിട്ടുന്നവർ നിരവധിയാണ്. ഓർഡർ ചെയ്ത ഭക്ഷണത്തിന് പകരം മറ്റ് വിഭവം കിട്ടുന്നതും ഗുണമേന്മയില്ലാത്ത ഭക്ഷണം ഡെലവറി ചെയ്യുന്നതുമെല്ലാം പലപ്പോഴും പരാതിക്കിടയാക്കാറുണ്ട്.ഇപ്പോഴിതാ പനീർ ബിരിയാണി ഓർഡർ ചെയ്ത ആൾക്ക് ചിക്കൻ കഷ്ണമടങ്ങിയ ബിരിയാണി ലഭിച്ച വാർത്തയാണ് പുറത്ത് വരുന്നത്.
പൂനെ സ്വദേശിയായ പങ്കജ് ശുക്ല എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ചിക്കൻ കഷ്ണങ്ങളടക്കമുള്ള ബിരിയാണിയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽമീഡിയയായ എക്‌സിൽ പങ്കുവെച്ചായിരുന്നു ഉപഭോക്താവ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പൂനെയിലെ കാർവേ നഗറിലെ പികെ ബിരിയാണി ഹൗസിൽ നിന്നാണ് താൻ പനീർ ബിരിയാണി ഓർഡർ ചെയ്തതെന്നും അതിൽ ചിക്കൻ കഷ്ണങ്ങൾ കണ്ടെത്തിയെന്നും പങ്കജ് തന്റെ പോസ്റ്റിൽ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ തനിക്ക് മുഴുവൻ പണവും തിരികെ ലഭിച്ചെന്നും എന്നിരുന്നാലും ഇക്കാര്യം എഴുതാതിരിക്കാനാവില്ലെന്നും പങ്കജ് എക്‌സിൽ കുറിച്ചു. താനൊരു ശുദ്ധ വെജിറ്റോറിയനാണെന്നും പനീർ ബിരിയാണിയിൽ ചിക്കൻ കഷ്ണങ്ങളിട്ട് തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതിന് പിന്നാലെ പ്രതികരണവുമായി സൊമാറ്റോ തന്നെ രംഗത്തെത്തി.
'ഹായ് പങ്കജ്,ഞങ്ങള്‍ ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്താറില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. നിങ്ങളുടെ ഐഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകിയാണ് എന്താണ് നടന്നതെന്ന് ഉറപ്പായും പരിശോധിക്കാം...'എന്നായിരുന്നു സൊമാറ്റോയുടെ മറുപടി.