India
എഎപിയും തൃണമൂലും ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കുമെന്ന് ചിദംബരം; കരച്ചിൽ നിർത്തൂവെന്ന് കെജ്രിവാൾ
India

എഎപിയും തൃണമൂലും ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കുമെന്ന് ചിദംബരം; കരച്ചിൽ നിർത്തൂവെന്ന് കെജ്രിവാൾ

Web Desk
|
17 Jan 2022 4:46 PM GMT

എല്ലാ വോട്ടും സുരക്ഷിതമായി ബിജെപി അക്കൗണ്ടിലെത്തിക്കുന്ന കാര്യമാണ് കോൺഗ്രസ് ഉറപ്പുനൽകുന്നതെന്ന് അരവിന്ദ് കെജ്രിവാൾ

ഗോവയിൽ ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസുമെല്ലാം ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കുക മാത്രമേ ചെയ്യൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനത്ത് യഥാർത്ഥ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഗോവക്കാർക്കല്ല, ബിജെപിക്കാണ് പ്രതീക്ഷയെന്നും വോട്ട് വിഭജനത്തെക്കുറിച്ചുള്ള കരച്ചിൽ നിർത്തണമെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യനിരീക്ഷകനാണ് ചിദംബരം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം ട്വിറ്ററിലൂടെയാണ് ഗോവയിൽ സജീവമായി രംഗത്തുള്ള എഎപിക്കും തൃണമൂലിനുമെതിരെ വിമർശനമുയർത്തിയത്. ''എഎപിയും തൃണമൂലും ഗോവയിലെ ബിജെപി ഇതര വോട്ടുകൾ പിളർത്തുമെന്ന എന്റെ വിലയിരുത്തൽ അരവിന്ദ് കെജ്രവാൾ ശരിവച്ചുകഴിഞ്ഞിട്ടുണ്ട്. ഗോവയിലെ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാണ്.'' ചിദംബരം പറഞ്ഞു.

''പത്തു വർഷത്തെ ദുർഭരണത്തിനുശേഷം ഭരണമാറ്റം ആഗ്രഹിക്കുന്നവർ കോൺഗ്രസിനു മാത്രമേ വോട്ട് ചെയ്യൂ. ഈ ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നവർ ബിജെപിക്കും വോട്ട് ചെയ്യും. വോട്ടർമാർക്ക് മുൻപിലുള്ള സാധ്യത വ്യക്തവും ശക്തവുമാണ്; ഭരണമാറ്റം വേണോ വേണ്ടയോ? ഭരണമാറ്റത്തിനും കോൺഗ്രസിനും വേണ്ടി വോട്ട് ചെയ്യണമെന്ന് ഗോവൻ വോട്ടർമാരോട് അപേക്ഷിക്കുകയാണ്''- ചിദംബരം ആവശ്യപ്പെട്ടു.

എന്നാൽ, കോൺഗ്രസ് ഗോവക്കാർക്കല്ല, ബിജെപിക്കാണ് പ്രതീക്ഷയെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. നിങ്ങളുടെ 17 എംഎൽഎമാരിൽ 15 പേരും ബിജെപിയിലേക്ക് മറുകണ്ടം ചാടിയവരാണ്. എല്ലാ വോട്ടും സുരക്ഷിതമായി ബിജെപി അക്കൗണ്ടിലെത്തിക്കുന്ന കാര്യമാണ് കോൺഗ്രസ് ഉറപ്പുനൽകുന്നത്. ഗോവക്കാർ അവർക്ക് പ്രതീക്ഷ കാണുന്നവർക്കായിരിക്കും വോട്ട് ചെയ്യുകയെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Similar Posts