ബ്രഹ്മപുരം തീപിടിത്തത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം, സി.ബി.ഐ അന്വേഷണം വേണം: ബി.ജെ.പി
|''മാലിന്യസംസ്‌കരണത്തിന് കരാർ നൽകിയത് സി.പി.എം, കോൺഗ്രസ് നേതാക്കളുടെ മരുമക്കളുടെ കമ്പനികൾക്കാണ്. സോണ്ടക്കുവേണ്ടി സർക്കാർ വഴിവിട്ട സഹായം ചെയ്തു''
ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപിടിത്തം ദേശീയ തലത്തിൽ ചർച്ചയാക്കാനൊരുങ്ങി ബി.ജെ.പി. തീപിടിത്തത്തിൽ സ.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. മാലിന്യസംസ്‌കരണത്തിന് കരാർ നൽകിയത് സി.പി.എം, കോൺഗ്രസ് നേതാക്കളുടെ മരുമക്കളുടെ കമ്പനികൾക്കാണ്. സോണ്ടക്കുവേണ്ടി സർക്കാർ വഴിവിട്ട സഹായം ചെയ്തു. ഖര മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ജാവഡേക്കർ കുറ്റപ്പെടുത്തി.
ബ്രഹ്മപുരത്ത് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും 55 കേടിക്ക് സോണ്ട കമ്പനിക്ക് ലഭിച്ച കരാർ 22 കോടിക്ക് മറ്റൊരു ഉപകമ്പനിക്ക് മറിച്ച് നൽകുകയാണ് ചെയ്തത്. ഈ രണ്ട് കമ്പനികളും കോൺഗ്രസ് സി.പി.എം നേതാക്കളുടെ മരുമക്കളുടേതാണെന്ന ഗുരുതര ആരോപണമാണ് ജാവഡേക്കർ ഉയർത്തുന്നത്. അതിൽ ഒന്ന് സി.പി.എം മുൻ കൻവീനർ വൈക്കം വിശ്വന്റെ മരുമകന്റേതാണെങ്കിൽ മറ്റൊന്ന് കേൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്റെ മരുമകന്റേതാണ്. അതുകൊണ്ട് തന്നെ സി.ബി.അന്വേഷണം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്താണ് നടക്കുന്നതെന്ന് ദൈവത്തിന് പോലും അറിയില്ലെന്നും ജാവഡേക്കർ പറഞ്ഞു. ഒപ്പം തന്നെ കേസിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ സോണ്ട കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. നിലവിലെ കണ്ണൂരിലേയും കൊല്ലത്തേയും കരാറുകൾ റദ്ദാക്കുമ്പോഴും കോഴിക്കോട് ഇതേ കമ്പനിക്ക് കരാർ നൽകുന്നതിനായി മുഖ്യമന്ത്രി തന്നെ ഇടപെടുനന്നുവെന്നും പ്രകാശ് ജാവഡേക്കർ ആരോപിക്കുന്നു.