40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം; അപൂർവങ്ങളിൽ അപൂർവം
|അഞ്ച് ലക്ഷം രോഗികളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ അവസ്ഥയാണിതെന്ന് വൈദ്യസംഘം
മോത്തിഹാരി: ബിഹാറിലെ മോത്തിഹാരിയിൽ 40 ദിവസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ നിന്ന് ഭ്രൂണം കണ്ടെത്തി. കടുത്ത വയറുവേദനയുമായി അടുത്തിടെ മോത്തിഹാരിയിലെ റഹ്മാനിയ മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു കുഞ്ഞ്.
വയറു വീർക്കുന്നതിനാൽ കുഞ്ഞിന് ശരിയായി മൂത്രമൊഴിക്കാൻ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കൾ ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തിയത്.
ആമാശയം വീർക്കുന്നതിന്റെയും മൂത്രം ഒഴിക്കാൻ പറ്റാത്തതിന്റെയും കാരണം കണ്ടെത്താനായി സി.ടി സ്കാൻ ചെയ്യാൻ നിർദേശിച്ചത് മെഡിക്കൽ സെന്ററിലെ ഡോ.തബ്രെസ് അസീസായിരുന്നു. പരിശോധന ഫലം കണ്ടെപ്പോൾ ഡോക്ടർമാർ പോലും ഞെട്ടി. വൈദ്യശാസ്ത്ര രംഗത്ത് ഇത് അപൂർവമായി മാത്രം കണ്ടുവരുന്ന പ്രതിഭാസമാണെന്ന് ഡോ. തബ്രെസ് അസീസ് വാർത്താഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
അഞ്ച് ലക്ഷം രോഗികളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. 'ഫീറ്റസ് ഇൻ ഫ്യൂ' അഥവാ 'ഭ്രൂണത്തിലെ ഭ്രൂണം' എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളത്. അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വെച്ചാണ് കുഞ്ഞിന്റെ വയറ്റിലും ഭ്രൂണം വളര്‍ന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയെ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കി ഭ്രൂണം പുറത്തെടുത്തു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചെന്നും ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.