പാമ്പുകടിയേറ്റ കുഞ്ഞുമായി അമ്മ നടന്നത് കിലോമീറ്ററുകള്‍; ആശുപത്രിയിലെത്തും മുന്‍പെ ഒന്നര വയസുകാരി മരിച്ചു
|റോഡില്ലാത്തതു കൊണ്ടാണ് ആശുപത്രിയിലെത്താന്‍ വൈകിയതെന്നും ഇതുമൂലമാണ് കുഞ്ഞിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു
ചെന്നൈ: റോഡില്ലാത്തതു മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ പാമ്പുകടിയേറ്റ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം. അല്ലേരി ആദിവാസി ഊരിലെ അത്തിമരത്തു കൊല്ലാമലയില്‍ വിജി-പ്രിയ ദമ്പതികളുടെ മകള്‍ ധനുഷ്കയാണ് മരിച്ചത്. വീടിന്‍റെ പുറത്തു ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മൂര്‍ഖന്‍ പാമ്പ് കൊത്തുകയായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിനെയും കൊണ്ടു അമ്മ നടന്നത് കിലോമീറ്ററുകളാണ്. തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് 18 മാസം പ്രായമുള്ള ധനുഷ്കയെ വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ കുട്ടി മരിച്ചു.
റോഡില്ലാത്തതു കൊണ്ടാണ് ആശുപത്രിയിലെത്താന്‍ വൈകിയതെന്നും ഇതുമൂലമാണ് കുഞ്ഞിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ മലയടിവാരത്ത് മിനി ആംബുലൻസ് ലഭ്യമാണെന്നും വീട്ടുകാർ ആശാ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകാമായിരുന്നുവെന്നും വെല്ലൂർ കലക്ടർ എൻഡിടിവിയോട് പറഞ്ഞു.രക്ഷിതാക്കൾ ആശാ വർക്കർമാരുമായി ബന്ധപ്പെടാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 1,500 ഓളം ആളുകൾ താമസിക്കുന്ന പ്രദേശത്തേക്ക് റോഡ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പിന്‍റെ അനുമതിക്കായി ഓൺലൈൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കലക്ടർ കൂട്ടിച്ചേർത്തു.
സംഭവത്തില്‍ അന്നൈക്കാട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ അപലപിച്ച തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ, സംസ്ഥാന സർക്കാരിന് പൂർണ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു.