ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ ഒരാൾ വീണു
|കുഴൽക്കിണറിൽ വീണയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല
ന്യൂഡൽഹി: ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ ഒരാൾ വീണു. വെസ്റ്റ് ഡൽഹിയിലെ കെശോപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡിന്റെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കുഴൽക്കിണറിൽ വീണയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കുട്ടിയാണ് കിണറിൽ വീണതെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ 18 വയസ്സോ അതിനുമുകളിൽ പ്രായമോ ഉള്ള ആളാണ് വീണതെന്ന് മന്ത്രി അതിഷി അറിയിച്ചു. കുഴൽക്കിണറിന്റെ സുരക്ഷാവേലിയുടെ പൂട്ട് തകർത്താണ് അകത്ത് വീണത് എന്നും മറ്റൊരാൾ കുഴൽക്കിണറിലേക്ക് തള്ളിയിട്ടതാണോ എന്നത് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും (എൻഡിആർഎഫ്) ഡൽഹി ഫയർ സർവീസു(ഡിഎഫ്എസ്)മാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഒരാൾ കുഴൽകിണറിൽ വീണ വിവരം അധികൃതർക്ക് ലഭിക്കുന്നത്.
'അഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. 40 അടി താഴ്ചയുള്ള കുഴൽകിണറിലേക്ക് ഒരാൾ വീണതായി പിന്നീട് ഞങ്ങൾക്ക് വിവരം ലഭിച്ചു' ഡിഎഫ്എസ് തലവൻ അതുൽ ഗാർഗ് പറഞ്ഞു. ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയതായും എൻഡിആർഎഫും എത്തിയതായും അദ്ദേഹം അറിയിച്ചു. കുഴൽക്കിണറിന് സമാന്തരമായി എൻഡിആർഎഫ് ഉടൻ കുഴിയെടുക്കുമെന്നും പറഞ്ഞു.