ശൈശവ വിവാഹവും സതിയും ഇന്ത്യയിൽ വ്യാപകമായത് ഇസ്‌ലാമിന്റെ കടന്നുവരവോടെയെന്ന് ആർ.എസ്.എസ് നേതാവ്
|മുസ്‌ലിം അക്രമകാരികളിൽനിന്ന് സ്ത്രീകളെ രക്ഷിക്കാനാണ് ശൈശവ വിവാഹവും സതിയും ആരംഭിച്ചതെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണഗോപാൽ പറഞ്ഞു.
ന്യൂഡൽഹി: ശൈശവ വിവാഹവും സതിയും വിധവാ പുനർവിവാഹ നിരോധനവുമെല്ലാം ഇന്ത്യയിൽ വ്യാപകമാകാൻ കാരണം ഇസ്‌ലാമിക അധിനിവേശമാണെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ ഗോപാൽ. മധ്യകാലഘട്ടത്തിൽ സ്ത്രികളെയും പെൺകുട്ടികളെയും ആക്രമണകാരികളിൽനിന്ന് രക്ഷിക്കാൻ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യമൊന്നാകെ കീഴടക്കലിനെതിരെ പോരാടുകയായിരുന്നു. ക്ഷേത്രങ്ങളും വലിയ സർവകലാശാലകളും അക്കാലത്ത് തകർക്കപ്പെട്ടു. സ്ത്രീ സുരക്ഷ അപകടത്തിലായിരുന്നുവെന്നും കൃഷ്ണ ഗോപാൽ പറഞ്ഞു. ഡൽഹി സർവകലാശാലയിലെ 'നാരിശക്തി സംഗമം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് ഷാ അബ്ദാലി, മുഹമ്മദ് ഗോറി, മഹ്മൂദ് ഗസ്‌നി തുടങ്ങിയവരെല്ലാം ഇവിടെനിന്ന് സ്ത്രീകളെ കൊണ്ടുപോയി ലോകമെമ്പാടുമുള്ള മാർക്കറ്റുകളിൽ വിറ്റു. അത് വലിയ അപമാനത്തിന്റെ കാലഘട്ടമായിരുന്നുവെന്നും ഗോപാൽ പറഞ്ഞു.
ഇസ്‌ലാമിക അധിനിവേശത്തിന് മുമ്പ് വലിയ രീതിയിലുള്ള സ്ത്രീശാക്തീകരണം നടന്നിരുന്നു. എന്നാൽ ഇസ്‌ലാമിന്റെ കടന്നുവരവോടെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ച് പെൺകുട്ടികളെ ആക്രമണകാരികളിൽനിന്ന് രക്ഷിക്കാനുള്ള ഒരു മാർഗമായാണ് ശൈശവ വിവാഹം ആരംഭിച്ചത്. അങ്ങനെയാണ് പെൺകുട്ടികൾ സ്‌കൂളുകളിലേക്കും ഗുരുകുലത്തിലേക്കും പോകുന്നത് നിർത്തുകയും വിദ്യാഭ്യാസമില്ലാത്തവരായി മാറുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സതിക്ക് നമ്മുടെ നാട്ടിൽ സ്ഥാനമില്ലായിരുന്നു. പിന്നീട് യുദ്ധങ്ങളിൽ ധാരാളം ഹിന്ദു പുരുഷൻമാർ കൊല്ലപ്പെട്ടതോടെയാണ് സാഹചര്യം വഷളായത്. ഇന്ന് ഇതിൽ നിന്നെല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
സാങ്കേതികവിദ്യ ഉപയോഗിക്കുക, വിമാനം പറത്തുക, ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്യുക, ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ എഞ്ചിനീയറോ...നിങ്ങൾക്ക് ഇഷ്ടമുള്ളതെന്നും ചെയ്യുക. എന്നാൽ ഒരു സ്ത്രീയായി തുടരുക. കാരണം കുടുംബത്തിന്റെ നെടുംതൂണ് സ്ത്രീയാണ്. ആഗ്രഹിക്കുന്ന കരിയറിനൊപ്പം അടുക്കളയും കൈകാര്യം ചെയ്യണമെന്നും കൃഷ്ണഗോപാൽ പറഞ്ഞു.