ബാഡ്മിന്റണ്‍ കളിച്ചുകിട്ടിയ പണം കൂട്ടിവച്ച് ആയക്ക് മൊബൈല്‍ ഫോണ്‍; കൊച്ചുമിടുക്കന് കയ്യടിച്ച് സോഷ്യല്‍മീഡിയ
|അങ്കിതിന്റെ പിതാവ് വി. ബാലാജിയാണ് ഇക്കാര്യം എക്സില്‍ പങ്കുവച്ചിരിക്കുന്നത്
ചെന്നൈ: ഒരു വീട്ടുജോലിക്കാരിയും കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചുകിട്ടിയ പണം കൂട്ടിവച്ച് തന്റെ ആയക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ അങ്കിത് എന്ന കൊച്ചുമിടുക്കന്.
അങ്കിതിന്റെ പിതാവ് വി. ബാലാജിയാണ് ഇക്കാര്യം എക്സില്‍ പങ്കുവച്ചിരിക്കുന്നത്. മകന് ജോലിക്കാരിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്ന ചിത്രവും ബാലാജി പങ്കുവച്ചിട്ടുണ്ട്. ''വാരാന്ത്യ ടൂര്‍ണമെന്റുകള്‍ കളിച്ച് അങ്കിത് ഇതുവരെ 7000 രൂപ നേടിയിട്ടുണ്ട്. ഇന്ന് അവന്റെ വിജയത്തിന്റെ പങ്കില്‍ നിന്നും ഞങ്ങളുടെ പാചകക്കാരി സരോജക്ക് 2000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. അവന് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ സരോജം മകനെ പരിപാലിക്കുന്നുണ്ട്. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും മീരാ ബാലാജിക്കും ഇതില്‍ കൂടുതല്‍ എന്തു സന്തോഷമാണ് വേണ്ടത്'' ബാലാജി കുറിച്ചു.
ആയയോടുള്ള അങ്കിതിന്റെ നിഷ്ക്കളങ്ക സ്നേഹത്തെ പ്രകീര്‍ത്തിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുട്ടി ഒരുപാട് ദൂരം പോകുമെന്നും മാനുഷിക മൂല്യങ്ങള്‍ പകര്‍ന്ന് കുട്ടിയെ വളര്‍ത്തിയതില്‍ മാതാപിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും നെറ്റിസണ്‍സ് കുറിച്ചു.
Ankit has so far earned 7K by playing weekend tournaments. And today he got our Cook Saroja a mobile phone for 2K from his winnings. She has been taking care of him from when he was 6 Months. As parents @meerabalaji3107 and I can’t be more happier. pic.twitter.com/8tVeWdxyRh
— V. Balaji (@cricketbalaji1) December 13, 2023