India
വിവേചനം അനുഭവിക്കുന്ന സമുദായങ്ങളിലെ കുട്ടികളുടെ വളർച്ച മുരടിക്കാൻ കൂടുതൽ സാധ്യതയെന്ന് പഠനം
India

വിവേചനം അനുഭവിക്കുന്ന സമുദായങ്ങളിലെ കുട്ടികളുടെ വളർച്ച മുരടിക്കാൻ കൂടുതൽ സാധ്യതയെന്ന് പഠനം

ഇജാസ് ബി.പി
|
5 Sep 2021 12:50 PM GMT

കുട്ടികളുടെ പോഷകാഹാര കുറവും ദാരിദ്രവും തമ്മിൽ ബന്ധമുണ്ടെന്നിരിക്കെ സാമൂഹിക വിവേചനവും മുരടിപ്പിന് കാരണമാകുമെന്ന് കണ്ടെത്തൽ

ഡൽഹി: സാമൂഹിക വിവേചനം അനുഭവിക്കുന്ന സമുദായങ്ങളിലെ കുട്ടികളുടെ വളർച്ച മുരടിക്കാൻ കൂടുതൽ സാധ്യതയെന്ന് പഠനം. എസ്‌സി, എസ്ടി, മുസ്‌ലിംകൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് വളർച്ച മുരടിപ്പ് ഉണ്ടാകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. "The Missing Piece of the Puzzle: Caste Discrimination and Stunting" എന്ന തലക്കെട്ടിലുള്ള പഠനം നടത്തിയത് അശോക സർവകലാശാലയുടെ എകണോമിക് ഡാറ്റ ആൻഡ് അനലൈസിസ് സെൻററിലെ അശ്വനി ദേശ്പാണ്ഡെയും യൂനിവേഴ്‌സിറ്റി ഓഫ് ഹെയ്ഡൽബെർഗിലെ രാജേഷ് രാമചന്ദ്രനും ചേർന്നാണ്. ജാതിയും സാമൂഹിക സാമ്പത്തിക ഘടകങ്ങളും വളർച്ച മുരടിപ്പിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് പഠിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

എസ്‌സി, എസ്ടി, ഇതര പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ തൊട്ടുകൂടായ്മ മൂലം ഇത്തരം വളർച്ചാ മുരടിപ്പ് വ്യാപകമായുണ്ട്. മുസ്‌ലിംകൾക്കിടയിലും വളർച്ചാ കുറവുണ്ട്. ഈ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രായത്തിനനുസരിച്ച് ഉയരമില്ല. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ പോലും ഈ കാര്യത്തിൽ മാറ്റം വരുത്തുന്നില്ലെന്ന് പഠനത്തിൽ പറയുന്നു.

ഇന്ത്യയിൽ വളർച്ചാ മുരടിപ്പ് നേരിടുന്നതിൽ സാമൂഹികമായി വ്യത്യസ്ത തരത്തിലുള്ളവർക്കിടയിൽ കാര്യമായ അന്തരമുണ്ട്. ഇക്കാര്യം എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന് കൃത്യമായി പഠിക്കേണ്ടതുണ്ടെന്ന് ദേശ്പാണ്ഡെ പറഞ്ഞു.

ലോകത്തിലെ വളർച്ചക്കുറവുള്ള കുട്ടികളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഈ അവസ്ഥ ഭാവി ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാക്കും. പ്രത്യേകിച്ച് ബൗദ്ധിക വളർച്ചകുറവിന് ഇടയാക്കും. സാമൂഹികവും വൈകാരികവുമായ കഴിവുകളും പഠന ശേഷിയും കുറക്കാൻ കാരണമാകും. ഇത് മൂലം 66 ശതമാനം പേർ കുറഞ്ഞ വരുമാനം മാത്രമാണ് നേടുന്നതെന്ന് ലോകബാങ്കിനെ ഉദ്ധരിച്ച് ഇൻഡ്യാ സ്‌പെൻഡ് 2018ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

30 സബ് സഹാറൻ രാജ്യങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ഇന്ത്യയിലെ കുട്ടികൾ ഉയരം കുറഞ്ഞവരാണെന്ന് സെൻറർ ഫോർ എകണോമിക് ഡാറ്റ ആൻഡ് അനലൈസിസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ കാരണത്താൽ വികസനം സാമൂഹിക സൂചികയിൽ പ്രതിഫലിക്കുന്നില്ലെന്ന് കാണാം. കാരണം വളർച്ചാ കുറവ് ഇന്ത്യയിൽ 36 ശതമാനവും സബ് സഹാറൻ ആഫ്രിക്കയിൽ 31 ശതമാനവുമാണ്.

വളർച്ചാ മുരടിപ്പിന്റെ കാരണങ്ങളായി പഠനം പറയുന്നവ:

ശൗച്യാലയ സൗകര്യമില്ലായ്മ

മാതാവിന്റെ വിദ്യാഭ്യാസകുറവ്, വായനാശേഷിയും സ്‌കൂൾ വിദ്യാഭ്യാസ കാലയളവും

മാതാവിന്റെ ഉയരവും വണ്ണവും

ആസ്തി വ്യത്യാസം

വീട്ടുവിഭവങ്ങളുടെ വീതംവെയ്പ്പ്

കുട്ടികളുടെ വളർച്ചാമുരടിപ്പ് പോഷകാഹര കുറവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പഠനം ഇവയെ നാലു സാമൂഹിക വിഭാഗങ്ങളായി തിരിക്കുന്നു. ഉയർന്ന ജാതീയരായ ഹിന്ദു, ഉയർന്ന ജാതീയരായ മുസ്‌ലിം, എസ്‌സി. എസ്ടി, ഇതര പിന്നാക്ക വിഭാഗം. ജാതി ഒരു ഹൈന്ദവ രീതിയാണെങ്കിലും ഇന്ത്യയിലെ ഇതര വിഭാഗങ്ങളിലും അവ ആചരിക്കുന്നവരുണ്ട്. പഠനത്തിന്റെ അവസാന കണ്ടെത്തൽ സാമൂഹിക സ്ഥാനത്തിൽ പിന്നാക്കം നിൽക്കുന്നത് വളർച്ചാ മുരടിപ്പിന്റെ പ്രധാന കാരണമാണെന്നാണ്.

ഹിന്ദുക്കളിലെ ഉയർന്ന ജാതീയരുടെ മക്കളിൽ 26 ശതമാനമാണ് വളർച്ചാ മുരടിപ്പ്. ഇതേ പ്രായത്തിലുള്ള സബ് സഹാറൻ ആഫ്രിക്കയിലെ കുട്ടികളലിത് 31 ശതമാനമാണ്. എന്നാൽ ഇന്ത്യയിലെ ഇതര വിഭാഗങ്ങൾക്കിടയിൽ കണക്ക് ഇങ്ങനെയല്ല. എസ്‌സി, എസ്ടി, ഇതര പിന്നാക്ക വിഭാഗം, ഉന്നത ജാതീയരായ മുസ്‌ലിംകൾ എന്നിവർക്കിടയിൽ യഥാക്രമം 40,36,35 ശതമാനമാണ് മുരടിപ്പ്.

തൊട്ടുകൂടായ്മയാണ് മുരടിപ്പിന്റെ പ്രധാന കാരണമായി പഠനം പറയുന്നത്. ദലിത് വിദ്യാർഥികളാണ് കൂടുതൽ വളർച്ച കുറവ് നേരിടുന്നത്. കാരണം ആശുപത്രി, ശൗച്യാലയം എന്നീ സൗകര്യങ്ങളുടെ ലഭ്യത ഇവർക്ക് ഏറ്റവും കുറവാണ്. ഇവരുടെ അമ്മമാർക്ക് പ്രസവത്തിന് മുമ്പും ശേഷവും കുറഞ്ഞ പരിചരണമാണ് ലഭിക്കുന്നത്. ഇതും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

'ബീമാരു' എന്ന് വിളിക്കപ്പെടുന്ന ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് വളർച്ചാ മുരടിപ്പ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു. ഇതിന് കാരണമാകുന്ന മതപരവും സാമ്പത്തികവുമായ കാരണങ്ങളും ഇവിടെ കൂടുതലാണ് - ദേശ്പാണ്ഡെ പറഞ്ഞു.

Similar Posts