കുട്ടികളെ മരത്തിൽ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു; ആറുപേർ അറസ്റ്റിൽ
|കുട്ടികൾക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു
സർക്കാർ സ്കൂളിൽ കുട്ടികളെ മരത്തിൽ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേർ അറസ്റ്റിൽ. ബംഗളൂരുവിലെ സർക്കാർ സ്കൂൾ കാമ്പസിനകത്ത് വെച്ചാണ് ഇവർ കുട്ടികളെ പുകവലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീൽഡ് പൊലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം. 10-13 വയസ്സിനിടയിലുള്ള വിദ്യാർഥികൾ സ്കൂളിൽ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളിൽ നിന്ന് ബീഡി വാങ്ങാൻ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയിൽ പ്രവർത്തിക്കുന്നവരും അതേസമയം വിദ്യാർഥികളുമാണ്. മുതിർന്ന പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈൽ ഹോമിലും കോടതി അയച്ചു.
കുട്ടികൾക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വർധിച്ചിട്ടുണ്ടെന്നും ഈ കേസിലെ പ്രതികളും ഇരകളും നാട്ടുകാരാണെന്നും പ്രദേശവാസിയായ എസ്. ശ്രീകാന്ത് പറഞ്ഞു.