തമിഴ്നാട് സർക്കാർ പരസ്യത്തിൽ ചൈനയുടെ പതാക; ഡി.എം.കെക്കെതിരെ മോദി, തിരിച്ചടിച്ച് കനിമൊഴി
|പരസ്യത്തിനെതിരെ നരേന്ദ്ര മോദി രംഗത്തുവന്നു
ചെന്നൈ: ഐ.എസ്.ആർ.ഒയുടെ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ ചൈനീസ് പതാക. ഇതിനെ ചൊല്ലി ബി.ജെ.പിയും ഡി.എം.കെയും തമ്മിൽ പോര്. തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് ഐ.എസ്.ആർ.ഒയുടെ രണ്ടാമത്തെ വിക്ഷേപണ തറയുടെ ശിലാസ്ഥാപനത്തിന്റെ പരസ്യമാണ് വിവാദമായത്.
പരസ്യത്തിലുള്ള റോക്കറ്റിൽ ചൈനീസ് പതാകയാണുള്ളത്. ഉദ്ഘാടകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുടെ ചിത്രങ്ങളും പരസ്യത്തിലുണ്ട്. ഇവർക്ക് പിന്നിലായിട്ടാണ് റോക്കറ്റുകളുടെ ചിത്രമുള്ളത്. തമിഴ്നാട്ടിലെ മൃഗസംരക്ഷണ മന്ത്രി അനിത രാധാകൃഷ്ണന്റെ അംഗീകാരത്തോടെയാണ് പരസ്യം വിവിധ പത്രങ്ങൾക്ക് അയച്ചുകൊടുത്തത്.
പരസ്യത്തിനെതിരെ നരേന്ദ്ര മോദി രംഗത്തുവന്നു. ഡി.എം.കെ പ്രവർത്തിക്കുന്നില്ലെന്നും അവർ തെറ്റായ ക്രെഡിറ്റുകൾ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പദ്ധതികൾക്ക് മുകളിൽ അവരുടെ സ്റ്റിക്കറുകൾ ഒട്ടിക്കുന്നു. എന്നാൽ, ഇപ്പോൾ അവർ പരിധി ലംഘിച്ചിരിക്കുന്നു. ഐ.എസ്.ആർ.ഒ ലോഞ്ച്പാഡിന്റെ ക്രെഡിറ്റ് എടുക്കാൻ അവർ ചൈനയുടെ സ്റ്റിക്കർ ഒട്ടിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ അവർ തയാറല്ല.
ഇന്ത്യയുടെ ബഹിരാകാശ വിജയം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും അപമാനിച്ചു. അവരുടെ ചെയ്തികൾക്ക് ഡി.എം.കെയെ ശിക്ഷിക്കപ്പെടേണ്ട സമയമാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു. തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ എം.പി കെ. കനിമൊഴിയും തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവും ഈ സമയം വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തമിഴ്നാട്ടിൽ 17,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.
മോദിയുടെ വിമർശനത്തിനെതിരെ കനിമൊഴി പിന്നീട് രംഗത്തുവന്നു. മനുഷ്യസഹജമായുണ്ടായ പിശകാണെന്ന് കനിമൊഴി പറഞ്ഞു. പരസ്യം ചെയ്തയാൾക്ക് ഈ ചിത്രം എവിടെനിന്നാണ് ലഭിച്ചതെന്ന് തനിക്കറിയില്ല. അതേസമയം, ഇന്ത്യ ചൈനയെ ശത്രുരാജ്യമായി പ്രഖ്യാപിച്ചതായും തനിക്ക് അറിവില്ല. ചൈനീസ് പ്രധാനമന്ത്രിയെ മോദി ക്ഷണിച്ചതും അവർ മഹാബലിപുരത്തേക്ക് പോയതും താൻ കണ്ടിട്ടുണ്ട്. നിങ്ങൾ സത്യം അംഗീകരിക്കാൻ ആഗ്രഹിക്കാത്തതിനാൽ, പ്രശ്നം വഴിതിരിച്ചുവിടാനുള്ള കാരണങ്ങൾ കണ്ടെത്തുകയാണെന്നും കനിമൊഴി വ്യക്തമാക്കി.
സർക്കാർ പരസ്യത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയും രംഗത്തുവന്നു. ഡി.എം.കെ മന്ത്രി അനിത രാധാകൃഷ്ണന്റെ അംഗീകാരത്തോടെ സംസ്ഥാനത്തെ പ്രമുഖ ദിനപത്രങ്ങളിൽ നൽകിയ പരസ്യം ഡി.എം.കെയുടെ ചൈനയോടുള്ള പ്രതിബദ്ധതയുടെയും ഇന്ത്യയുടെ പരമാധികാരത്തോടുള്ള തികഞ്ഞ അവഗണനയുടെയും പ്രകടനമാണെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരെ പോരാടുന്ന ഡി.എം.കെ, കുലശേഖരപട്ടണത്ത് ഐ.എസ്.ആർ.ഒയുടെ രണ്ടാമത്തെ ലോഞ്ച് പാഡിന്റെ പ്രഖ്യാപനം പുറത്തുവന്നതു മുതൽ സ്റ്റിക്കറുകൾ ഒട്ടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നുവെന്നും അണ്ണാമലൈ ആരോപിച്ചു.