രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം; ചൈനയുടെ കടന്നുകയറ്റത്തിൽ ആശങ്കയറിയിച്ച് ഖാര്‍ഗെ
|വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ഇന്ത്യയുടെ തന്ത്രപ്രധാനമായ 'സിലിഗുരി ഇടനാഴി'ക്ക് ഭീഷണിയായിരിക്കുകയാണ് ദോക്ലാമിലെ ചൈനയുടെ നിർമാണം
ഡല്‍ഹി: ദോക്ലാമിലെ ചൈനയുടെ കടന്നുകയറ്റത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ചൈനീസ് കടന്നുകയറ്റത്തിൽ വിശദമായ ചർച്ച എന്നുണ്ടാകുമെന്നും ഖാർഗെ ചോദിച്ചു.
''വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ഇന്ത്യയുടെ തന്ത്രപ്രധാനമായ 'സിലിഗുരി ഇടനാഴി'ക്ക് ഭീഷണിയായിരിക്കുകയാണ് ദോക്ലാമിലെ ചൈനയുടെ നിർമാണം. ഇത് നമ്മുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം അത്യന്തം ആശങ്കാജനകമായ കാര്യമാണ്'' ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ - ചൈന അതിർത്തി വിഷയത്തിൽ പാർലമെന്‍റില്‍ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ തടസപ്പെട്ടു. അതിർത്തി വിഷയം സംസാരിക്കാൻ അനുവദിച്ചില്ല എന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തിയി. ഇന്ത്യ - ചൈന അതിർത്തിയിലെ സാഹചര്യം ഇരു സഭകളും നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മനീഷ് തിവാരി എം.പി ലോക്സഭയിലും രൺദീപ് സിങ് സുർജേവാല എം.പി രാജ്യസഭയിലും അടിയന്ത പ്രമേയ നോട്ടീസ് നൽകി. എന്നാല്‍ നോട്ടീസുകൾ സഭ അധ്യക്ഷന്മാർ തള്ളി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഉന്നയിക്കാൻ ശ്രമിച്ചത് എന്നാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.