മൃഗവേട്ടയ്ക്കിറങ്ങി ചൈനീസ് സൈന്യത്തിന്റെ പിടിയിൽ; അരുണാചലിൽനിന്ന് കാണാതായ 17കാരനെ ഇന്ത്യയ്ക്ക് കൈമാറി
|അരുണാചലിലെ സിയാംഗ്ലയിൽ നിയന്ത്രണരേഖയ്ക്കടുത്തുള്ള വനത്തിൽ സുഹൃത്ത് തജോണി യൂയിങ്ങിനൊപ്പം വേട്ടയ്ക്ക് പോയതായിരുന്നു 17കാരനായ മിറാം താരോൺ
അരുണാചൽപ്രദേശ് അതിർത്തിയിൽനിന്ന് കാണാതായ 17കാരനെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
അരുണാചലുകാരനായ മിറാം താരോണിനെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കുട്ടിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം ചൈനയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കയിരുന്നു. എന്നാൽ, പർവതമേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്ന് കൈമാറ്റ നടപടികൾ വൈകുകയായിരുന്നു.
അരുണാചലിലെ വാച്ചാ ദമായ് കേന്ദ്രത്തിലെത്തിയാണ് ഇന്ത്യൻ സൈനികർക്ക് 17കാരനെ കൈമാറിയത്. വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിച്ച സൈന്യത്തെ അഭിനന്ദിക്കുന്നതായി റിജിജു ട്വീറ്റ് ചെയ്തു. കുട്ടിയെ കൈമാറുന്നതിന്റെയും സ്വീകരിച്ച് കൊണ്ടുവരുന്നതിന്റെയും ചിത്രങ്ങളും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് അരുണാചലിലെ അപ്പർ സിയാഹ് ജില്ലയിൽനിന്ന് കുട്ടിയെ ചൈനീസ് സൈന്യം പിടികൂടിയതായുള്ള റിപ്പോർട്ടുകൾ മന്ത്രി സ്ഥിരീകരിച്ചത്. കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും പ്രകോപനപരമായ പരാമർശങ്ങളൊന്നും നടത്തി വിഷയം വഷളാക്കരുതെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
The Chinese PLA handed over the young boy from Arunachal Pradesh Shri Miram Taron to Indian Army at WACHA-DAMAI interaction point in Arunachal Pradesh today.
— Kiren Rijiju (@KirenRijiju) January 27, 2022
I thank our proud Indian Army for pursuing the case meticulously with PLA and safely securing our young boy back home 🇮🇳 pic.twitter.com/FyiaM4wfQk
അരുണാചലിലെ നിയന്ത്രണരേഖയിൽ വച്ചാണ് കുട്ടിയെ കാണാതായത്. സുഹൃത്ത് തജോണി യൂയിങ്ങിനൊപ്പം കാട്ടിൽ വേട്ടയ്ക്ക് പോയതായിരുന്നു താരോണും. ഇവിടെ സിയാംഗ്ല മേഖലയിലേക്കായിരുന്നു ഇവർ പോയത്. ഇരുട്ടായതോടെ ഉദ്ദേശിച്ച കാര്യം നടന്നില്ല. ഇതിനിടയിലാണ് ചൈനീസ് സൈന്യം താരോണിനെ പിടികൂടി. യൂയിങ്ങിനെയും സൈന്യം പിന്തുടർന്നെങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു. തുർന്ന് യൂയിങ്ങാണ് സംഭവത്തെക്കുറിച്ച് വിവരം തൊട്ടടുത്തുള്ള ഇന്ത്യൻ സൈന്യത്തിന്റെ ചെക്ക്പോസ്റ്റിൽ അറിയിക്കുന്നത്.
പിന്നാലെ സൈന്യം ചൈനയുമായി ഹോട്ട്ലൈൻ വഴി ബന്ധപ്പെട്ടപ്പോൾ കുട്ടി തങ്ങളുടെ കസ്റ്റഡിയിലുള്ള വിവരം ഇവർ സമ്മതിച്ചു. ചൈനീസ് പ്രദേശത്തേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചതിനാണ് കുട്ടിയെ പിടിച്ചതെന്നും ചൈന വ്യക്തമാക്കി. തുടർന്ന് ദിവസങ്ങളെടുത്ത് നടത്തിയ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് താരോണിന്റെ മോചനം സാധ്യമായത്.
Summary: Chinese Army Hands Over Missing Arunachal Teen To Indian Army: Minister