ചൈനീസ് കടന്നുകയറ്റം; ബിജെപി കോൺഗ്രസ് തർക്കം തുടരുന്നു
|സൈന്യം കാഴ്ച്ച വെച്ചത് അസാമാന്യ ധൈര്യവും ചെറുത്ത് നിൽപ്പുമാണെന്നാണ് ബിജെപി നിലപാട്
ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റത്തെ ചൊല്ലി ബിജെപി കോൺഗ്രസ് തർക്കം തുടരുന്നു. രാഹുൽഗാന്ധിയെ കോൺഗ്രസ് പുറത്താക്കണമെന്നാണ് ബിജെപി ആവശ്യം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒരുമിച്ച് നാളെ മാധ്യമങ്ങളെ കണ്ടേക്കും.
ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണ് എന്ന രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ഒരേപോലെ പ്രതിരോധത്തിലാക്കിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരാണ് പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നത്. സൈന്യം കാഴ്ച്ച വെച്ചത് അസാമാന്യ ധൈര്യവും ചെറുത്ത് നിൽപ്പുമാണെന്നാണ് ബിജെപി നിലപാട്.
അതേസമയം 2019 ൽ തവാങ് സന്ദർശിച്ച ഫോട്ടോ കേന്ദ്ര മന്ത്രി കിരൺ റിജിജു ഇന്നലെ ട്വിറ്റ് ചെയ്തത് വിവാദമായി. മന്ത്രി ഇന്നലെ തവാങ് സന്ദർശിച്ചതായി തെറ്റിദ്ധരിപ്പിച്ചു എന്നാണ് വിമർശനം. ചൈന വിഷയത്തിൽ രാഹുൽ ഗാന്ധിയുടേ നിലപാട് തന്നെയാണ് കോൺഗ്രസിനും. രാഹുലിന് പിന്തുണയുമായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നു. സംഘർഷം നടന്ന തവാങ് മേഖലയിലെ പരിശീലന പരിപാടികൾ അവസാനിച്ചെങ്കിലും സൈന്യത്തിന്റെ ജാഗ്രത തുടരുകയാണ്.