ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന് പകരം പ്രധാന മന്ത്രി ലി ചിയാങ് പങ്കെടുത്തേക്കും
|ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ്ഉച്ചകോടിയിൽനിന്ന് ഷീജിൻ പിങ് പിന്മാറാൻ ഒരുങ്ങുന്നത്
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന് പകരം പ്രധാന മന്ത്രി ലി ചിയാങ് പങ്കെടുത്തേക്കും. ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ്ഉച്ചകോടിയിൽനിന്ന് ഷീജിൻ പിങ് പിന്മാറാൻ ഒരുങ്ങുന്നത്. ചൈനീസ് പ്രധാനമന്ത്രിക്ക് എതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പും ഡൽഹി പോലീസിന് ലഭിച്ചിട്ടുണ്ട്.
അടുത്തമാസം ഓമ്പത്,10 തിയ്യതികളിൽ ജി20 ഉച്ചകോടി നടക്കാനിരിക്കെ അതിർത്തി തർക്കം രൂക്ഷമാക്കിയ ചൈനീസ് ഭൂപടത്തിന് എതിരെ പരസ്യ വിമർശനം വേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തുമ്പോൾ പ്രധാന മന്ത്രി നേരിട്ട് ചർച്ച നടത്തുമെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഷീജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തുമോ എന്നതിൽ ചൈനീസ് സർക്കാർ വ്യക്തത നൽകിയിട്ടില്ല.
പ്രധാന മന്ത്രി ലി ചിയാങ്ങിനെ പകരം ഇന്ത്യയിലേക്ക് അയക്കാനും ആലോചനകൾ നടക്കുന്നുണ്ട്. ഉച്ചകോടിയുടെ ഭാഗമായ 30 രാജ്യങ്ങളിൽ റഷ്യ, ഒമാൻ, മെക്‌സികോ എന്നീ രാജ്യങ്ങൾ രാഷ്ട്ര തലവന്മാർക്ക് പകരം പ്രതിനിധികൾ ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിൽ എത്തുന്ന ചൈനീസ് പ്രസിഡന്റിനും ബംഗ്ലാദേശ് പ്രധാന മന്ത്രിക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് ഡൽഹി പോലീസ്. ടിബറ്റൻ പൗരന്മാർ ഷീജിൻ പിങ്ങിനെതിരെ പ്രതിഷേധിക്കും എന്നായിരുന്നു മുന്നറിയിപ്പ്.
അന്തർദേശീയ വേദികളിൽ ലോക നേതാക്കൾക്ക് എതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച അധികൃതർ പ്രതിഷേധക്കാരെ നേരിടാൻ അത്യാധുനിക സംവിധാനങ്ങളും ഡൽഹി പോലീസിന് കൈമാറി. ജി20 യെ വിമർശിച്ച് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഡൽഹി മെട്രോ സ്റ്റേഷനുകളിലെ ചുമരുകളിൽ എഴുതിയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സജീവ പ്രവർത്തകനായ ഇയാളെ പഞ്ചാബിൽ നിന്നാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.