ചൈനീസ് 'ചാരക്കപ്പല്‍' ശ്രീലങ്കന്‍ തീരത്ത്: ഇന്ത്യയ്ക്ക് ആശങ്ക
|കേരളത്തിലെയും ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും തുറമുഖങ്ങള്‍ കപ്പലിന്റെ നിരീക്ഷണ പരിധിയ്ക്കുള്ളിലാണ്
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഭീഷണിയായി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5 നങ്കൂരമിട്ടു. ഹംബന്‍ടോട്ട തുറമുഖത്ത് ചൈന കപ്പല്‍ അടുപ്പിക്കുന്നതില്‍ ഇന്ത്യ ശ്രീലങ്കയെ ആശങ്കയറിയിച്ചിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ശ്രീലങ്ക ചൈനയ്ക്ക് അനുവാദം നല്‍കുകയായിരുന്നു.
പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) നേവിയ്ക്ക് കീഴിലുള്ള കപ്പല്‍ ചൈനയുടെ ചാരക്കപ്പലെന്നാണ് അറിയപ്പെടുന്നത്. സാറ്റലൈറ്റുകള്‍ ട്രാക്ക് ചെയ്യാനും, റോക്കറ്റുകളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വിക്ഷേപണ വിവരങ്ങള്‍ ശേഖരിക്കാനും കപ്പലില്‍ സൗകര്യമുണ്ട്. കേരളത്തിലെയും ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും തുറമുഖങ്ങള്‍ കപ്പലിന്റെ നിരീക്ഷണ പരിധിയ്ക്കുള്ളിലാണ്. ഇക്കൂട്ടത്തില്‍ കൊച്ചി,വിസാഗ്,കര്‍വാര്‍ എന്നിവിടങ്ങളിലെ നേവല്‍ ബേസുകളും ഉള്‍പ്പെടും. നേരത്തേ 2014ല്‍ കൊളംബോ ഹാര്‍ബറില്‍ നങ്കൂരമിട്ട ചൈനീസ് ആണവ അന്തര്‍വാഹിനി തമിഴ്‌നാട് തീരത്തിനടുത്ത് വരെ എത്തിയിരുന്നു.
ഹംബന്‍ടോട്ടയില്‍ കപ്പലടുപ്പിക്കുന്നതിന് ശ്രീലങ്ക മുന്നോട്ട് വച്ച പ്രധാന മാനദണ്ഡം കപ്പലിലെ ട്രാക്കിങ് സ്വിച്ച് ഓഫ് ചെയ്യണം എന്നതാണെങ്കിലും ഇതെത്രത്തോളം പാലിക്കപ്പെടുമെന്ന കാര്യത്തിലാണ് ആശങ്ക. നിരീക്ഷണം സാറ്റലൈറ്റുകളും വഴിയും സാധ്യമാണെന്നതിനാല്‍ ചൈനീസ് മിലിറ്ററി വിഭാഗത്തിന് ഇത് മുതല്‍ക്കൂട്ടായേക്കും.
ഇരുപതിനായിരം ടണ്‍ ഭാരമുള്ള 730 അടി നീളമുള്ള കപ്പല്‍ ഒരു സമയം 400 പേരെ ഉള്‍ക്കൊള്ളും. അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും സെന്‍സറുകളും ആന്റിനകളുമടങ്ങിയ യുവാങ് വാങ് കപ്പലുകള്‍ സാറ്റലൈറ്റ് ട്രാക്കിങ്ങിലും മറ്റും ചൈനയ്ക്ക് വലിയ സഹായമാണ്. 740 കി.മീന് അപ്പുറം വരെ കപ്പലിലെ ക്യാമറക്കണ്ണുകള്‍ സഞ്ചരിക്കും. പിഎല്‍എയുടെ സ്റ്റ്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സുകളാണ് കപ്പല്‍ നിയന്ത്രിക്കുന്നതെന്ന് പെന്റഗണ്‍ അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഹംബന്‍ടോട്ടയില്‍ കപ്പലടുപ്പിച്ചത് ഒരു രാജ്യത്തിനും ഭീഷണി സൃഷ്ടിക്കില്ലെന്നാണ് ചൈനയുടെ വാദം. ശ്രീലങ്കയ്ക്ക് ഭക്ഷണവും ഇന്ധനവും എത്തിക്കാനാണ് കപ്പല്‍ നങ്കൂരമിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ശ്രീലങ്കയില്‍ മിലിട്ടറി ബേസ് സ്ഥാപിക്കുകയാണോ ചൈനയുടെ ലക്ഷ്യമെന്ന് ഇന്ത്യയ്ക്കും യുഎസിനും ആശങ്കയുണ്ട്.
ശ്രീലങ്കയ്ക്ക് പണം കടം നല്‍കുന്ന രാജ്യങ്ങളില്‍ പ്രധാനിയാണ് ചൈന. ശ്രീലങ്കയുടെ ആകെ വിദേശ കടത്തിന്റെ പത്ത് ശതമാനവും ചൈനയ്ക്ക് നല്‍കാനുള്ളതാണ്. ഇപ്പോള്‍ കപ്പലടുത്തിരിക്കുന്ന ഹംബന്‍ടോട്ട തുറമുഖം പോലും ചൈനയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ചതാണ്. ഈ കടം തിരിച്ചടയ്ക്കാനാവാതെ വന്നതോടെ 2017ല്‍ 99 വര്‍ഷത്തേക്ക് ശ്രീലങ്ക പോര്‍ട്ട് ചൈനയ്ക്ക് കൈമാറ്റം ചെയ്തു.
ഏഷ്യ-യൂറോപ്പ് ചരക്ക് നീക്കത്തിന് തടയിടാന്‍ ചൈന ഈ തുറമുഖം ഉപയോഗപ്പെടുത്തുമോ എന്ന് മിക്ക രാജ്യങ്ങളും ഭയക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ചൈനയ്ക്ക് പദ്ധതിയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. നിലവില്‍ ബംഗ്ലദേശില്‍ ചൈനയ്ക്ക് അന്തര്‍വാഹിനി ബേസ് ഉണ്ട്. രണ്ട് അന്തര്‍വാഹിനികള്‍ ബംഗ്ലദേശിന് നല്‍കി ചൈന നിര്‍മിച്ചതാണിത്. ഇതുപോലെ മ്യാന്‍മറിനും പാകിസ്താനും അന്തര്‍വാഹിനികള്‍ നല്‍കി ഈ രാജ്യങ്ങളുടെ സമുദ്രപ്രദേശങ്ങളില്‍ ചൈന അധികാരം സ്ഥാപിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ നല്‍കിയ സാമ്പത്തിക സഹായം കണക്കിലെടുക്കാതെയാണ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടിയ്ക്ക് ശ്രീലങ്ക സമ്മതം മൂളിയത്.. കപ്പല്‍ തീരത്തടുക്കുന്നതിന് തലേന്ന് ഓഗസ്റ്റ് 15ന് ഇന്ത്യ ശ്രീലങ്കയ്ക്ക് ഡോര്‍ണിയര്‍ 228 എയര്‍ക്രാഫ്റ്റും നല്‍കിയിരുന്നു.