'മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭജനം അംഗീകരിക്കാനാകില്ല'; കാവഡ് യാത്രാ ഉത്തരവില്‍ വിമര്‍ശനവുമായി ചിരാഗ് പാസ്വാനും
|പ്രധാനമന്ത്രി പറഞ്ഞുനടക്കാറുള്ള 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' മുദ്രാവാക്യത്തിനു വിരുദ്ധമാണ് യു.പി സര്‍ക്കാരിന്റെ ഉത്തരവെന്നാണ് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പ്രതികരിച്ചത്
ന്യൂഡല്‍ഹി: കാവഡ് യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും. സഖ്യകക്ഷിയായ ജെ.ഡി.യു എതിര്‍പ്പറിയിച്ചതിനു പിന്നാലെയാണ് ലോക് ജനശക്തി പാര്‍ട്ടി(രാംവിലാസ്) നേതാവും എതിര്‍പ്പ് പരസ്യമാക്കിയത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്നത് അംഗീകരിക്കില്ലെന്ന് ചിരാഗ് വ്യക്തമാക്കി.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്ന പൊലീസ് നിര്‍ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തില്‍ സമ്പന്നര്‍, ദരിദ്രര്‍ എന്നിങ്ങനെ രണ്ടു വിഭാഗം നിലനില്‍ക്കുന്നുണ്ട്. എല്ലാ മതജാതി വിഭാഗക്കാരും ഈ ഗണത്തിലുണ്ട്. ഈ രണ്ടു വിഭാഗത്തിനുമിടയിലുള്ള വിടവ് നികത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദലിതുകളും പിന്നാക്കക്കാരും ഉന്നത ജാതിക്കാരും മുസ്‌ലിംകളും ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ദരിദ്രര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം എല്ലാ സര്‍ക്കാരുകള്‍ക്കുമുണ്ട്. അവര്‍ക്കു വേണ്ടിയാണു നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ എന്തു വിഭജനമുണ്ടായാലും ഞാന്‍ അതിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. മതജാതി വ്യത്യാസമില്ലാതെ എന്റെ പ്രായത്തിലുള്ള ഏത് അഭ്യസ്തവിദ്യരായ യുവാക്കളും ഇത്തരം സംഗതികളെ പിന്തുണയ്ക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നും ചിരാഗ് പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഉത്തരവില്‍ വിമര്‍ശനവുമായി ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെയും കാവഡ് യാത്ര കടന്നുപോകുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത ഉത്തരവാണ് യു.പിയിലുള്ളതെന്നു മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗി വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിലും വലിയ കാവഡ് യാത്ര ബിഹാറില്‍ നടക്കുന്നുണ്ടെന്ന് ത്യാഗി ചൂണ്ടിക്കാട്ടി. അവിടെ ഇത്തരം ഉത്തരവുകളൊന്നും വന്നിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞുനടക്കാറുള്ള 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' മുദ്രാവാക്യത്തിനു വിരുദ്ധമാണ് ഈ നിരോധനങ്ങള്‍. ഈ ഉത്തരവ് ബിഹാറിലും രാജസ്ഥാനിലും ജാര്‍ഖണ്ഡിലുമൊന്നുമില്ല. ഇതു പുനഃപരിശോധിക്കുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കാവഡ് യാത്ര കടന്നുപോകുന്ന പാതയോരങ്ങളിലെല്ലാമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. തീര്‍ഥാടകരുടെ വിശ്വാസത്തിന്റെ വിശുദ്ധി നിലനിര്‍ത്താനാണെന്നു പറഞ്ഞാണ് ഉത്തരവിറക്കിയത്. യാത്രാ റൂട്ടില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനോടെയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തരവിനു പിന്തുണയുമായി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
വിവാദ ഉത്തരവിനെതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ഭരണഘടനാ വിരുദ്ധമാണു നടപടിയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മുസ്ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നു പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു.
ജൂലൈ 22നാണ് കാവഡ് യാത്ര തുടങ്ങുന്നത്. ആഗസ്റ്റ് 19 വരെ ഇതു നീണ്ടുനില്‍ക്കും.
Summary: After Nitish Kumar's JD(U), Chirag Paswan opposes Kanwar Yatra rules for UP eateries