സഭാസ്വത്തിന് വഖഫ് മോഡൽ നിയന്ത്രണം; മദ്രാസ് ഹൈക്കോടതി നിർദേശത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ
|ക്രിസ്ത്യൻ സ്വത്തുക്കളെ നിയന്ത്രിക്കാൻ നിലവിൽ തന്നെ നിയമങ്ങളുണ്ടെന്നും ഇനി പുതിയൊരു സമിതിയുടെ ആവശ്യം എന്താണെന്നും നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ഭാരവാഹി അസീർ എബെനെസർ ചോദിച്ചു
ന്യൂഡൽഹി: സഭാസ്വത്ത് നിയന്ത്രിക്കാൻ വഖഫ് ബോർഡ് മാതൃകയിലുള്ള സമിതികൾ രൂപീകരിക്കണമെന്ന കോടതി നിർദേശത്തിൽ എതിർപ്പുമായി ക്രിസ്ത്യൻ സംഘടനകൾ. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയും(എൻസിസിഐ) കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയും(സിബിസിഐ) ആണ് ആശങ്കയുമായി രംഗത്തെത്തിയത്.
ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ധർമസ്വത്തുക്കൾ നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെങ്കിലും, ക്രിസ്ത്യാനികളുടെ അത്തരം ദാനങ്ങൾക്ക് ആ രീതിയിലുള്ള സമഗ്രമായ ഒരു നിയന്ത്രണവും നിലവിലില്ലെന്നാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സിവിൽ പ്രൊസീജ്യർ കോഡിലെ 92-ാം വകുപ്പിനു കീഴിലുള്ള നടപടിക്രമം വഴി മാത്രമാണ് നിലവിൽ ഇവയുടെ മേൽനോട്ടവും നിരീക്ഷണവും നടക്കുന്നത്. ഈ സ്ഥാപനങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാൻ, ഒരു സ്റ്റാറ്റിയൂട്ടറി ബോർഡ് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിഷയം ആലോചിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും തമിഴ്‌നാട് സർക്കാരിനോടും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിലാണിപ്പോൾ ക്രിസ്ത്യൻ സംഘടനകൾ എതിർപ്പറിയിച്ചിരിക്കുന്നത്. സൊസൈറ്റീസ് ആക്ട്, ട്രസ്റ്റ്‌സ് ആക്ട്, കമ്പനീസ് ആക്ട് എന്നിവയ്ക്കു പുറമെ ചാരിറ്റി കമ്മിഷനു കീഴിലും സ്വത്തുക്കൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് എൻസിസിഐ ഭാരവാഹി അസീർ എബെനെസർ പറഞ്ഞു. ക്രിസ്ത്യൻ സ്വത്തുക്കളെ നിയന്ത്രിക്കാൻ നിലവിൽ തന്നെ നിയമങ്ങളുണ്ടെന്നും ഇനി പുതിയൊരു സമിതിയുടെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. കോടതി വിധിയുമായി ബന്ധപ്പെട്ട് 'ഇന്ത്യൻ എക്‌സ്പ്രസി'നോട് പ്രതികരിക്കുകയായിരുന്നു അസീർ.
സ്വന്തമായി സ്ഥാപനങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഭരണഘടന ന്യൂനപക്ഷ സമുദായങ്ങൾക്ക് അനുവദിക്കുന്നുണ്ടെന്നും എൻസിസിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനിയുമൊരു സമിതി വരുന്നത് തങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുന്നതാകുമെന്നും അസീർ എബെനെസർ പറഞ്ഞു. കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള എല്ലാ സ്വത്തുക്കളും രജിസ്റ്റർ ചെയ്തവയാണെന്നും കൃത്യമായ രേഖകളുണ്ടെന്നും സിബിസിഐ വൃത്തം റോബിൻസൻ റോഡ്രിഗസും പ്രതികരിച്ചു.
രാജ്യത്തെ പ്രധാന ക്രിസ്ത്യൻ സമിതികളാണ് എൻസിസിഐയും സിബിസിഐയും. രാജ്യത്തെ 90 ശതമാനം സഭാ സ്വത്തുക്കളും ഈ രണ്ട് സമിതികൾക്കും കീഴിലാണുള്ളത്.
Summary: Christian churches are worried of Madras HC's Waqf-like body observation