India
ക്രിസ്ത്യൻ വൈദികനെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നിൽ ഹിന്ദുത്വ സംഘമെന്ന് ആരോപണം
India

ക്രിസ്ത്യൻ വൈദികനെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നിൽ ഹിന്ദുത്വ സംഘമെന്ന് ആരോപണം

Web Desk
|
20 March 2022 11:43 AM GMT

രണ്ടു ദിവസം മുൻപ് ഹിന്ദുത്വ സംഘം വീട്ടിലെത്തി വൈദികനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ക്രിസ്തുമത പ്രചാരണം തുടരുകയാണെങ്കിൽ കൊല്ലുമെന്നും ഭീഷണിയുണ്ടായിരുന്നു

ചത്തീസ്ഗഢിൽ ക്രിസ്ത്യൻ വൈദികനെ ക്രൂരമായി കൊലപ്പെടുത്തി അജ്ഞാതസംഘം. ബിജാപൂർ ജില്ലയിലെ അംഗംപള്ളിയിലാണ് വൈദികനായ യലം ശങ്കറിനെ അക്രമികൾ വീട്ടിൽ കയറി കുത്തിക്കൊന്നത്. ഹിന്ദുത്വ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ക്രിസ്ത്യൻ സംഘടനകളും പ്രദേശത്തുകാരും ആരോപിക്കുന്നത്.

വ്യാഴാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി വൈദികനെ പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ശരീരം ഒരു മൂലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.

അംഗംപള്ളിയിലെ ബസ്തർ ഫോർ ക്രിസ്റ്റ് മൂവ്‌മെന്റ് ചർച്ചിലെ മുതിർന്ന വൈദികനാണ് 50കാരനായ യലം ശങ്കർ. മുൻ ഗ്രാമമുഖ്യൻ കൂടിയായ അദ്ദേഹം പ്രദേശത്തുകാർക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ഭാര്യയും രണ്ടു മക്കളും പേരമക്കളും അടങ്ങുന്നതാണ് ശങ്കറിന്റെ കുടുംബം. ക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് കുടുംബവും പ്രദേശത്തെ ക്രിസ്ത്യൻ സമൂഹവും.

തീവ്ര ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന് പ്രദേശത്തെ ക്രിസ്ത്യൻ സമൂഹം നിരന്തരം ആക്രമണഭീഷണി നേരിടുന്നുണ്ടെന്ന് ഇന്റർനാഷനൽ ക്രിസ്ത്യൻ കൺസേൺ(ഐ.സി.സി) ഭാരവാഹികൾ പറയുന്നു. പലപ്പോഴും ഇവർക്ക് സംഘത്തിൽനിന്ന് സംരക്ഷണം നൽകിയത് വൈദികൻ ശങ്കറായിരുന്നു. ഇതു തന്നെയാകാം അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് ഒരു നാട്ടുകാരനെ ഉദ്ധരിച്ച് ഐ.സി.സിയുടെ മുഖപത്രമായ പേർസിക്യൂഷൻ ഡോട്ട് ഓർഗ് റിപ്പോർട്ട് ചെയ്തത്.


രണ്ടു ദിവസം മുൻപ് ഹിന്ദുത്വ സംഘം ഇവിടെയെത്തി വൈദികനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ക്രിസ്തുമത പ്രചാരണം തുടരുകയാണെങ്കിൽ കൊല്ലുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായതെന്നതുകൊണ്ട് സംഭവത്തിനു പിന്നിൽ ഹിന്ദുത്വ സംഘം തന്നെയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. പ്രതികാരനടപടികള്‍ ഭയന്ന് പൊലീസിൽ പരാതി നൽകാനും ഇവര്‍ മടിക്കുകയാണ്.

അതേസമയം, സംഭവത്തിനു പിന്നിൽ മാവോയിസ്റ്റ് സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് ബസ്തർ റേഞ്ച് ഐ.ജി സുന്ദരാജ് പി വാര്‍ത്താകുറിപ്പില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തുനിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തെന്നും ഇതിൽ പ്രദേശത്തെ സി.പി.ഐ(മാവോയിസ്റ്റ്) കമ്മിറ്റി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും വാര്‍ത്താകുറിപ്പില്‍ അവകാശപ്പെടുന്നു.

Summary: Yalam Sankar, a Christian pastor was brutally murdered in Angampalli village, Bijhapur district of Chhattisgarh, allegedly by radical Hindu nationalists

Similar Posts