മതപരിവർത്തനം ആരോപിച്ച് ആദിവാസി പ്രതിഷേധം; ക്രിസ്ത്യൻ പള്ളിക്കും പൊലീസിനും നേരെ ആക്രമണം; 11 ഉദ്യോഗസ്ഥർക്ക് പരിക്ക്
|സംഘർഷം നിയന്ത്രിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം.
റായ്പൂർ: മതപരിവർത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെ ക്രിസ്ത്യൻ പള്ളിക്കും പൊലീസിനും നേരെ ആക്രമണം. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതിഷേധവുമായെത്തിയ ആദിവാസികൾ പള്ളി ആക്രമിക്കുകയും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെയുള്ളവരെ മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
സംഘർഷം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ നാരായൺപൂർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിനും 10 ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. വടി കൊണ്ട് തലയ്ക്കടിയേറ്റ അദ്ദേഹവും മറ്റ് പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച നാരായൺപൂർ ജില്ലയിലെ എഡ്കയിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിനു പിന്നാലെ ആദിവാസി സംഘടനകൾ യോഗം വിളിച്ചിരുന്നു. യോഗത്തിൽ ഇരു വിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കസേരകളും കല്ലുകളും എടുത്തെറിയുകയുമായിരുന്നു. ഇരു വിഭാഗവും ഏറ്റുമുട്ടിയതോടെ വൻ സംഘർഷത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത്.
ഇതിനിടെയാണ് നൂറുകണക്കിന് ആദിവാസികൾ ബഖ്രുപാരയിലെ പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. സംഘർഷം നിയന്ത്രിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. പൊലീസ് ഇടപെട്ടപ്പോൾ അവർ മുദ്രാവാക്യം വിളിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു എന്ന് എസ്.പി പറഞ്ഞു. രംഗം ശാന്തമാക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഉച്ചയോടെ വിശ്വദീപ്തി ക്രിസ്ത്യൻ സ്കൂളിന് സമീപമെത്തിയ പ്രതിഷേധക്കാർ സ്കൂൾ വളപ്പിലെ പള്ളിയിലേക്ക് കയറുകയായിരുന്നു എന്ന് എസ്.പി കുമാർ പറഞ്ഞു. "ഇതേക്കുറിച്ച് വിവരം ലഭിച്ചതോടെ താൻ ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവർക്ക് കാര്യം ബോധ്യപ്പെട്ടെന്നു കരുതി മടങ്ങാൻ ഒരുങ്ങവെ പെട്ടെന്ന് ആരോ എന്റെ തലയിൽ വടികൊണ്ട് അടിച്ചു"- ഉദ്യോഗസ്ഥൻ വിശദമാക്കി.
ഡിസംബർ പകുതി മുതൽ നാരായൺപൂർ ജില്ലയിൽ ആദിവാസികളും ഗോത്രവർഗ ക്രിസ്ത്യാനികളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ഞായറാഴ്ച ക്രിസ്ത്യൻ സമുദായവുമായുള്ള സംഘർഷത്തെത്തുടർന്ന് ഒരു വിഭാഗം ആളുകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.