India
CID issues notice to BJP leader Yediyurappa in POCSO case
India

പോക്സോ കേസിൽ ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ്

Web Desk
|
12 Jun 2024 10:57 AM GMT

17കാരിയെ പീഡിപ്പിച്ചെന്നാണ് യെദിയൂരപ്പയ്ക്കെതിരായ കേസ്.

ബെം​ഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

ബുധനാഴ്ച തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സിഐഡി നോട്ടീസ് അയച്ചത്. എന്നാൽ, നിലവിൽ ഡൽഹിയിലായതിനാൽ യെദിയൂരപ്പ കൂടുതൽ സമയം തേടുകയും മൂന്ന് ദിവസത്തിന് ശേഷം അന്വഷണ സംഘത്തിന് മുന്നിൽ ഹാജരാവുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.

17കാരിയെ പീഡിപ്പിച്ചെന്നാണ് യെദിയൂരപ്പയ്ക്കെതിരായ കേസ്. ഈ വർഷം ഫെബ്രുവരിയിൽ പരാതി നൽകാൻ എത്തിയ തന്നോടൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത മകളോട് യെദിയൂരപ്പ ലൈംഗികാതിക്രമം നടത്തി എന്ന് ചൂണ്ടിക്കാട്ടി 54കാരിയായ മാതാവാണ് പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ ഐപിസി 354 എ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടെ, പരാതിക്കാരിയായ 54കാരി ശ്വാസകോശാർബുദം ബാധിച്ച് കഴിഞ്ഞ മാസം ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.

പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് കേസെടുത്ത് മണിക്കൂറുകൾക്ക് ശേഷം കർണാടക പൊലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് വിട്ടു. എന്നാൽ ആരോപണം നിഷേധിച്ച യെദിയൂരപ്പ കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞിരുന്നു.

അതേസമയം, ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 164 പ്രകാരം ഇരയുടെയും അമ്മയുടേയും മൊഴി സിഐഡി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. നേരത്തെ അയച്ച രണ്ട് നോട്ടീസുകൾക്കും യെദിയൂരപ്പ മറുപടി നൽകിയിട്ടില്ലെന്ന് സിഐഡി വിഭാഗം അറിയിച്ചു.

യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു. ഇതിനിടയിലാണ് യെദിയൂരപ്പയോട് ഇന്നു തന്നെ ഹാജരാകാനാവശ്യപ്പെട്ട് സിഐഡി നോട്ടീസ് നൽകിയത്.

Similar Posts