India
RG Kar Medical College
India

കൊല്‍ക്കത്ത പീഡനക്കൊല; ഇന്ന് ആശുപത്രിക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം

Web Desk
|
24 Aug 2024 1:07 AM GMT

ആശുപത്രി ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിന് എതിരായ സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്

കൊല്‍ക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സമരം അവസാനിപ്പിക്കാതെ കൊൽക്കത്തയിലെ ഡോക്ടർമാർ. ഇന്ന് ആശുപത്രിക്ക് മുൻപിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ആശുപത്രി ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിന് എതിരായ സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്.

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുകയാണ് ആർജി കർ ആശുപത്രിയിലെ ഡോക്ടർമാർ. കൊൽക്കത്തയിൽ ഇന്ന് ബഹുജനപ്രക്ഷോഭത്തിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സി.ബി.ഐ സംഘത്തെ കാണുവാനും ആലോചനയുണ്ട്. അതേസമയം ആശുപത്രിക്ക് സി.ഐ.എസ്.എഫ് ആണ് സുരക്ഷ ഒരുക്കുന്നത്. സുപ്രിം കോടതിയുടെ നിർദേശപ്രകാരമാണ് ആശുപത്രിയുടെ സുരക്ഷ ചുമതല സേന ഏറ്റെടുത്തത്.

ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഗോഷിനെ സി.ബി.ഐ സംഘം തുടർച്ചയായ എട്ടാം ദിവസവും ചോദ്യം ചെയ്തു . ഇയാൾക്ക് മറ്റ് സാമ്പത്തിക ഇടപാടിൽ ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആശുപത്രിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികളിൽ സന്ദീപ് ഘോഷിനെതിരെ കൽക്കട്ട ഹൈക്കോടതി, സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നാണ് പ്രതീക്ഷ. യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി സഞ്ജയ്‌ റോയിയുടെ റിമാൻഡ് കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാൻഡ് റിമാൻഡ് കാലാവധി നീട്ടിയത്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് സി.ബി.ഐ സംഘം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

Similar Posts