ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി സി.ഐ.ടി.യു ദേശീയ സെക്രട്ടറി എ.ആർ സിന്ധു
|ട്രേഡ് യൂണിയനുകളെ സംയുക്തമായി അണിചേർത്ത് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും എ.ആർ സിന്ധു പറഞ്ഞു
ഡൽഹി: ജന്തർ മന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം പത്തൊൻപതാം ദിവസവും തുടരുകയാണ്. സി.ഐ.ടി.യു ദേശീയ സെക്രട്ടറി എ.ആർ സിന്ധു ഗുസ്തി താരങ്ങള്‍ പിന്തുണ അറിയിച്ച് രംഗത്തുവന്നു. ട്രേഡ് യൂണിയനുകളെ സംയുക്തമായി അണിചേർത്ത് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും നാളെ ഹരിയാനയിൽ നിന്നുള്ള ട്രേഡ് യൂണിയനുകൾ സമരത്തിന് പിന്തുണ അറിയിച്ച് എത്തുമെന്നും എ.ആർ സിന്ധു പറഞ്ഞു.
'കേന്ദ്രസർക്കാർ സമരത്തെ ജാതിമത സമവാക്യങ്ങളോടു ചേർത്ത് നിസ്സാരവൽക്കരിക്കുവാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതെന്നും ഈ പ്രവണത അനുവദിച്ചു നൽകിയാൽ എല്ലാ നിയമങ്ങളെയും ഇത് ബാധിക്കും. എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന സ്‌മൃതി ഇറാനിക്ക് ഈ വിഷയത്തിൽ മൗനമാണുള്ളത്. എന്തുകൊണ്ട് ബ്രിജ് ഭൂഷന്റെ മൊഴിയെടുക്കുന്നില്ല' എന്നും സിന്ധു ചോദിച്ചു.
ഗുസ്തി താരങ്ങൾ ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷനെതിരായ കേസിലെ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. ഹരജി മേയ് 12 ന് പരിഗണിക്കും. ബ്രിജ് ഭൂഷനെതിരെ പോക്സോ അടക്കം രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.