സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് 10 മാസം 7500 രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്
|ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
ചെന്നൈ: സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസാഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപൻഡായി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. 1000 പേർക്ക് 10 മാസമാണ് ധനസഹായം നൽകുക.
യു.പി.എസ്.സി, ഇന്ത്യൻ ബാങ്ക് സർവീസ്, റെയിൽവേ എന്നീ ജോലികൾ നേടുക എന്നതാണ് ദ്രാവിഡ മോഡൽ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വിദ്യാർഥികൾ വേണമെന്നാണ് കരുണാനിധി ആഹ്വാനം ചെയ്തത്. യുവജനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് പെരിയാറും കരുണാനിധിയും പ്രവർത്തിച്ചതെന്നും ഇതേ പാതയിൽ തന്നെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെന്നും ഉദയനിധി വ്യക്തമാക്കി.
സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. യുവാക്കൾ കേന്ദ്ര സർക്കാർ ജോലികൾ നേടണം. യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാൻ മുതൽവൻ പദ്ധതി. ഇതിലൂടെ 13 ലക്ഷം വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നും 1.5 ലക്ഷം പേർക്ക് ജോലി നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.