India
Chief Justice DY Chandrachud against the affidavit filed by the central government in the Supreme Court against same-sex marriage.
India

'സ്വവർഗ വിവാഹം നഗര പ്രഭുത്വത്തിന്റെ സങ്കൽപമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിന്റെ കയ്യിലില്ല'; വിമർശനവുമായി സുപ്രിംകോടതി

Web Desk
|
19 April 2023 11:10 AM GMT

സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്ന് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകിയിരുന്നു

ഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. സ്വവർഗ വിവാഹം നഗര പ്രഭുത്വത്തിന്റെ സങ്കൽപമെന്ന് കാണിക്കുന്ന ഒരു വിവരവും സർക്കാരിന്റെ കൈയിൽ ഇല്ലെന്നും വ്യക്തിക്ക് നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ പേരിൽ ഭരണകൂടത്തിന് വിവേചനം കാട്ടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സഹജമായ സ്വഭാവത്തെ എങ്ങനെ ആ രീതിയിൽ വ്യാഖ്യാനിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്ന് കേന്ദ്രസർക്കാർ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ വിമർശനം.

രാജ്യത്തെ മതവിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമേ വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രമാണിത് പറയുന്നതെന്നും കേന്ദ്രം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ഹരജികൾ നിലനിൽക്കുമോയെന്ന് കോടതി ആദ്യം പരിശോധിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

സ്വവർഗ വിവാഹം പോലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് നിയമനിർമാണ സഭകളാണെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കവേയാണ് കേന്ദ്ര സർക്കാർ രണ്ടാമത്തെ എതിർ സത്യവാങ്മൂലം നൽകിയിരുന്നത്. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൗരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും ഇതിന് മുൻപ് കേന്ദ്രം സുപ്രിംകോടതിയിൽ സമർപ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ സ്വവർഗ്ഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളിൽപ്പെട്ടവരുടെ വിവാഹങ്ങൾക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവർഗ വിവാഹത്തിന് ലഭിക്കില്ല.






Chief Justice DY Chandrachud against the affidavit filed by the central government in the Supreme Court against same-sex marriage.

Similar Posts