'റിട്ടയർ ചെയ്യുന്നത് വരെ പൂനെയിലെ ആ ഫ്‌ളാറ്റ് വിൽക്കരുത്'; പിതാവിന്റെ ഉപദേശം ഓർമിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
|ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് പുതിയ ചീഫ് ജസ്റ്റിസ്.
ന്യൂഡൽഹി: സുപ്രംകോടതിയിലെ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പിതാവും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ ഉപദേശം അനുസ്മരിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. പിതാവ് പൂനെയിൽ ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. താൻ റിട്ടയർ ചെയ്യുന്നതുവരെ ആ ഫ്‌ളാറ്റ് വിൽക്കരുതെന്നാണ് അച്ഛൻ ഉപദേശിച്ചതെന്ന് ഡി.വൈ ചന്ദ്രചൂഡ് അനുസ്മരിച്ചു.
എന്തുകൊണ്ടാണ് പൂനെയിൽ ഫ്‌ളാറ്റ് വാങ്ങുന്നത്? എപ്പോഴാണ് അവിടെ താമസിക്കാൻ പോകുന്നത്? എന്ന് അച്ഛനോട് ചോദിച്ചു. ഞാൻ അവിടെ താമസിക്കില്ലെന്ന് എനിക്കറിയാം, എത്രനാൾ നിങ്ങളോടൊപ്പം ഞാൻ ഉണ്ടാവുമെന്ന് പോലും ഉറപ്പില്ല. പക്ഷെ ജഡ്ജിയെന്ന നിലയിൽ നിന്റെ കാലാവധിയുടെ അവസാന ദിവസം വരെ ഈ ഫ്‌ളാറ്റ് നിലനിർത്തുക എന്നാണ് അച്ഛൻ ആവശ്യപ്പെട്ടത്.
അത് എന്തിനാണെന്ന് ചോദിച്ചപ്പോൾ നിന്റെ ധാർമികതയോ സത്യസന്ധതയോ വിട്ടുവീഴ്ച ചെയ്യപ്പെട്ടതായി തോന്നുന്നുവെങ്കിൽ നിന്റെ തലക്ക് മുകളിൽ ഒരു മേൽക്കൂരയുണ്ടെന്ന് അറിയണം. ജഡ്ജിയെന്ന നിലയിലോ അഭിഭാഷകനെന്ന നിലയിലോ ഒരു തരത്തിലും വിട്ടുവീഴ്ചക്ക് വശംവദനാകരുതെന്നും പിതാവ് പറഞ്ഞിരുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓർമിച്ചു.
ഇന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഔദ്യോഗികമായി വിരമിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് പുതിയ ചീഫ് ജസ്റ്റിസ്. നിലവിൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്നയെ ചന്ദ്രചൂഡ് തന്നെയാണ് ചീഫ് ജസ്റ്റിസായി നിർദേശിച്ചത്. ആറുമാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാവുക. 2025 മെയ് 13നാണ് ജസ്റ്റിസ് ഖന്ന സർവീസിൽനിന്ന് വിരമിക്കുന്നത്. 65 വയസ്സാണ് സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം.